ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കിറങ്ങുന്നത്. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം. മനൂക ഓവലാണ് വേദി.
ഈ പരമ്പരയില്‍ ക്യാപ്റ്റനടക്കം ടീമിലെ എല്ലാ ബാറ്റര്‍മാര്‍ക്കും ലക്ഷ്യം വെക്കാവുന്ന ഒരു ചരിത്ര നേട്ടവുമുണ്ട്, ഓസ്‌ട്രേലിയക്കെതിരായ ടി-20 സെഞ്ച്വറി. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേയൊരു താരത്തിന് മാത്രം സാധിച്ച നേട്ടമാണിത്.
2023ല്‍ ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഋതുരാജ് ഗെയ്ക്വാദാണ് ഈ നേട്ടത്തിലെത്തിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 123 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.
ഋതുരാജ് ഗെയ്ക്വാദ്
നാളെ ആരംഭിക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ടി-20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാകാന്‍ മാത്രമല്ല, ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സൂര്യയ്ക്കും സംഘത്തിനും മുമ്പിലുണ്ട്. പരമ്പരയിലെ അഞ്ച് മത്സരത്തില്‍ ഏതെങ്കിലുമൊന്നില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡും പിറവിയെടുക്കും.
ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത ടി-20 സ്‌കോര്‍ എന്ന റെക്കോഡിനും അവസരമുണ്ട്. ഇതിനായി 124 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ നേടേണ്ടത്.
ബ്രൂട്ടല്‍ ഹിറ്റേഴ്‌സായ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, നിലവില്‍ ഫോമില്‍ അല്ലെങ്കില്‍ കൂടിയും കമ്പക്കെട്ടിന് തിരികൊളുത്താന്‍ പോന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങി ഈ റെക്കോഡ് നേട്ടത്തിലെത്താന്‍ സാധ്യതയുള്ള താരങ്ങളും ഏറെയാണ്.
ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരിയില്‍ ഇതുവരെ നാല് താരങ്ങള്‍ മാത്രമാണ് സെഞ്ച്വറി നേടിയത്. ഇതില്‍ മൂന്നും ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. ഇതില്‍ മൂന്ന് പേരുടെ സെഞ്ച്വറിയും പിറവിയെടുത്തത് ഇന്ത്യന്‍ മണ്ണിലാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – ടീം – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഗെയ്ക്വാദ് സെഞ്ച്വറി നേടിയ അതേ മത്സരത്തില്‍ തന്നെയാണ് മാക്‌സ്‌വെല്ലും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മാക്‌സിയുടെ കരുത്തില്‍ ഓസീസ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഋതുരാജ് ഗെയ്ക്വാദ് | ഗ്ലെന്‍ മാക്‌സ്‌വെല്‍
ഈ പരമ്പരയില്‍ പിറക്കുന്ന എണ്ണമറ്റ റെക്കോഡുകള്‍ക്കും പരമ്പര വിജയത്തിനുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേത്വം വഹിക്കുന്ന ടി-20 ലോകകപ്പ് വരാനിരിക്കുന്നു എന്നതിനാല്‍ തന്നെ ഓരോ മത്സരങ്ങളും നിര്‍ണായകമാണ്.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ടി-20 പരമ്പര
ആദ്യ ടി-20 – ഒക്ടോബര്‍ 29 – മനൂക ഓവല്‍, കാന്‍ബെറ
രണ്ടാം ടി-20 – ഒക്ടോബര്‍ 31 – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്
മൂന്നാം ടി-20 – നംവബര്‍ രണ്ട് – ഹൊബാര്‍ട്ട്
നാലാം ടി-20 – നവബര്‍ ആറ് – ഗോള്‍ഡ് കോസ്റ്റ്
അവസാന ടി-20 – നവംബര്‍ എട്ട് – ദി ഗാബ, ബ്രിസ്ബെയ്ന്‍