യു.എസ്-ഇസ്രഈൽ ആക്രമണം; ഇറാനെതിരായ സൈനിക നടപടി ആണവ വ്യാപനത്തിന് കാരണമാകും: റഷ്യൻ വിദേശകാര്യ മന്ത്രി
World
യു.എസ്-ഇസ്രഈൽ ആക്രമണം; ഇറാനെതിരായ സൈനിക നടപടി ആണവ വ്യാപനത്തിന് കാരണമാകും: റഷ്യൻ വിദേശകാര്യ മന്ത്രി
മുഹമ്മദ് നബീല്‍
Wednesday, 4th March 2026, 10:17 am

മോസ്കൊ: യു.എസ് – ഇസ്രഈൽ ആക്രമണത്തിൽ മുന്നറിയിപ്പുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.

ഇറാനെതിരായുള്ള സൈനിക നടപടി ആണവ വ്യാപനത്തിന് കാരണമാകുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്.

ഇറാന്റെ ആണവ സമ്പുഷ്‌ടീകരണത്തിന് എതിരായിട്ടാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രഈലും അമേരിക്കയും സൈനിക നടപടിയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞിരുന്നു.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാൻ്റെ അവകാശവാദത്തെ അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയും ലാവ്‌റോവ് വിമർശിച്ചു.

‘ഈ യുക്തിയാണ് മുന്നോട്ട് വെക്കുന്നതെങ്കിൽ അമേരിക്ക തടയാൻ ആഗ്രഹിക്കുന്ന കാര്യം തന്നെ സംഭവിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഇറാനിൽ ശക്തമായ ഗ്രൂപ്പുകൾ ഉയർന്നുവരുകയും അവർ ആണവ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്യും. കാരണം ആണവ ബോംബുള്ള രാജ്യങ്ങളെ അമേരിക്ക ആക്രമിക്കില്ല,’ അദ്ദേഹം പറഞ്ഞു.

തന്റെ ആണവ പദ്ധതി ഉപേക്ഷിക്കുകയും എന്നാൽ പിന്നീട് 2011 ൽ നാറ്റോയുടെ പിന്തുണയോടെ നടന്ന പ്രക്ഷോഭത്തിൽ പുറത്താക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ലിബിയൻ നേതാവ് മുഹമ്മദ് ഗദ്ദാഫിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

കൂട്ടക്കുരുതിക്ക് കാരണമാകുന്ന ആയുധങ്ങൾ ഇസ്‌ലാം മതമനുസരിച്ച് നിഷിദ്ധമാണെന്ന് ഇറാൻ ഉറപ്പിച്ചു പറയുന്നു. കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ 1990 കളിൽ ആണവായുധങ്ങൾക്കെതിരെ ഒരു മതപരമായ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഈ ഫത്‌വ ലംഘിച്ചുകൊണ്ട് ഇറാൻ രഹസ്യമായി ആണവശേഷി കൈവരിക്കാൻ ശ്രമിക്കുന്നു എന്ന ഇസ്രായേലിന്റെ ആരോപണങ്ങളെയും ഇറാൻ നിഷേധിക്കുന്നുണ്ട്.

Content Highlight: Russian Foreign Minister Sergey Lavrov has warned US on Iran

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം