2026 ടി – 20 ലോകകപ്പിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങളും അനിശ്ചിതത്വങ്ങളും വര്‍ധിക്കുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ടൂര്‍ണമെന്റിനായി ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല.
മുസ്തഫിസുര്‍ റഹ്‌മാനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയതോടെ തങ്ങളുടെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.സി.ബി, ഐ.സി.സിക്ക് കത്തെഴുതിയിരുന്നു. അക്കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെയാണ് പാക് വംശജനായ താരത്തിന് വിസ നിഷേധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത്. യു.എസ്.എ ഫാസ്റ്റ് ബൗളര്‍ അലി ഖാനാണ് ഇന്ത്യന്‍ വിസ നിഷേധിക്കപ്പെട്ടത്.
ഇപ്പോളിതാ സിംബാബ്‌വെയും ലോകകപ്പിന് ഉണ്ടായേക്കില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. സിംബാബ്‌വെയുടെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്ക് ഇന്ത്യന്‍ വിസ തുടര്‍ച്ചയായി നിഷേധിക്കുപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക് വംശജനായതിനാലാണ് താരത്തിന് ഇന്ത്യന്‍ എംബസി വിസ നല്‍കാത്തതെന്നാണ് വിവരം. ക്യാപ്റ്റന് വിസ ലഭിച്ചില്ലെങ്കില്‍ ടീം ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
സിക്കന്ദര്‍ റാസ. Photo: ICC/x.com
സിംബാബ്‌വെയുടെ ബഹിഷ്‌കരണ ആരോപണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടീം വൃത്തങ്ങളോ ഐ.സി.സിയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
എന്നാല്‍, സിംബാബ്‌വെയുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ ആദം തിയോ ഈ ഊഹാപോഹങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. സിംബാബ്‌വെയുടെ ടി – 20 ലോകകപ്പ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, റാസ ഇതിന് മുമ്പും ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. താരം രണ്ട് സീസണില്‍ ഐ.പി.എല്ലില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. 2023, 2024 സീസണില്‍ പഞ്ചാബ് കിങ്സ് ടീമിന്റെ ഭാഗമായായിരുന്നു.
ഫെബ്രുവരിയില്‍ തുടങ്ങുന്ന ലോകകപ്പില്‍ സിംബാബ്‌വെ ഗ്രൂപ്പ് ബിയിലാണ്. ഓസ്‌ട്രേലിയ, ശ്രീലങ്ക, അയര്‍ലാന്‍ഡ്, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
2026 ലോകകപ്പിനുള്ള സിംബാബ്‌വെ സ്‌ക്വാഡ്
സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ബ്രയാന്‍ ബെന്നറ്റ്, റയാന്‍ ബേള്‍, ഗ്രെയം ക്രീമര്‍, ബ്രാഡ് ഇവാന്‍സ്, ക്ലൈവ് മദാന്‍ദെ, ടിനോടെന്‍ഡെ മപോസ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസാക്ദ്സ, ടോണി മുന്യോംഗ, താഷിംഗ മുസേവിക, ബ്ലെസ്സിങ് മുസരബാനി, ഡിയോണ്‍ മയേഴ്സ്, റിച്ചാര്‍ഡ് എന്‍ഗരാവ, ബ്രാന്‍ഡന്‍ ടെയ്ലര്‍.
Content Highlight: Rumors about Zimbabwe set to boycott T20 World Cup 2026 over Sikandar Raza issue; Journalist reveals its fake