ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോകസിനിമക്ക് മുന്നില്‍ വ്യക്തമാക്കുന്ന ചിത്രമാകും വാരണാസി. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഗ്രാന്‍ഡായിട്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തിയത്.
1000 കോടിയിലേറെ ബജറ്റിലാണ് രാജമൗലി വാരണാസി അണിയിച്ചൊരുക്കുന്നത്. സയന്‍സ് ഫിക്ഷനും പുരാണവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആക്ഷന്‍ ത്രില്ലറാകും വാരണാസിയെന്ന് ഓരോ അപ്‌ഡേറ്റും വ്യക്തമാക്കുന്നുണ്ട്. റിലീസിന് മുമ്പ് തന്നെ വലിയ നേട്ടം സ്വന്തമാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഓവര്‍സീസില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ ഗ്രാന്‍ഡ് റിലീസാകും വാരണാസിയുടേത്. ഓവര്‍സീസ് റൈറ്റ്‌സിനായി വലിയ തുകയാണ് സംവിധായകന്‍ രാജമൗലി ആവശ്യപ്പെടുന്നത്. 250 കോടിയോളമാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓവര്‍സീസിലെ മുന്‍നിര വിതരണക്കാരായ ഫാര്‍സ് ഫിലിംസാണ് വാരണാസിയെ സ്വന്തമാക്കാനുള്ള റേസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
160 കോടി വരെയാണ് ഫാര്‍സ് ഫിലിംസ് മുന്നോട്ടുവെക്കുന്ന തുക. ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന തുകയാണിത്. പ്രഭാസ് നായകനായ കല്‍ക്കിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. 85 കോടിക്കായിരുന്നു കല്‍ക്കിയുടെ ഓവര്‍സീസ് റൈറ്റ്‌സ്. ഇതിന്റെ ഇരട്ടിയോളം തുകയാണ് ഇപ്പോള്‍ വാരണാസിക്കായി പലരും മുന്നോട്ടുവെക്കുന്ന തുക.
200 കോടിയെങ്കിലും ലഭിച്ചാല്‍ മാത്രമേ നിര്‍മാതാക്കള്‍ റൈറ്റ്‌സ് നല്‍കുകകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. 230 കോടി മാത്രമാണ് മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍. കരിയറിലെ ഏറ്റവുമയുര്‍ന്ന കളക്ഷനെക്കാള്‍ പ്രീ റിലീസ് ബിസിനസ് നേടുന്ന നടനായി മഹേഷ് ബാബു മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
എന്നാല്‍ ഈ ഹൈപ്പ് മഹേഷ് ബാബു കാരണമല്ലെന്നും രാജമൗലി എന്ന ബ്രാന്‍ഡാണ് ഹൈപ്പ് ഫാക്ടറെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെ ഗ്ലോബല്‍ റീച്ചായിരുന്നു രാജമൗലി എന്ന ബ്രാന്‍ഡിന് ലഭിച്ചത്. ഓസ്‌കര്‍ വേദിയില്‍ വരെ രാജമൗലി തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു.
വാരണാസിയില്‍ ആരംഭിച്ച് ലോകം മുഴുവന്‍ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. രുദ്ര എന്ന നായകനായി മഹേഷ് ബാബു വേഷമിടുമ്പോള്‍ മലയാളിയായ പൃഥ്വിരാജാണ് വാരണാസിയിലെ വില്ലനായെത്തുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. ഒഡിഷ, ഹൈദരബാദ് എന്നിവിടങ്ങളിലാരംഭിച്ച ചിത്രത്തിന്റെ ഷൂട്ട് വിദേശ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. കെനിയ, ജോര്‍ജിയ, യു.കെ. യു.എസ് എന്നിവിടങ്ങള്‍ക്ക് പുറമെ അന്റാര്‍ട്ടിക്കയിലും ചിത്രത്തിന്റെ ഷൂട്ടുണ്ട്. 2027 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Rumors that Varanasi aiming for record rights in overseas