| Wednesday, 25th June 2025, 5:38 pm

അന്‍പുസെല്‍വനും ദുരൈസിങ്കവും പോലെയല്ല, ഇതുവരെ ചെയ്യാത്ത ടൈപ്പ് പൊലീസ് വേഷവുമായി മലയാളി സംവിധായകനൊപ്പം സൂര്യ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്ടരവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററിലെത്തിയ കങ്കുവ കരിയറിലെ ഏറ്റവും വലിയ പരാജയമായത് സൂര്യയെ വല്ലാതെ ബാധിച്ചിരുന്നു. തുടര്‍ന്ന് വര്‍ഷത്തില്‍ രണ്ട് സിനിമകള്‍ വീതം ചെയ്യുമെന്നും ഒരുപാട് കാലം വര്‍ക്ക് ചെയ്യേണ്ട സിനിമകള്‍ പരമാവധി ഒഴിവാക്കുമെന്നും താരം അറിയിക്കുകയും ചെയ്തു. പിന്നാലെ തുടര്‍ച്ചയായി സിനിമകള്‍ കമ്മിറ്റ് ചെയ്യുകയാണ് താരം.

ഈ വര്‍ഷം രണ്ട് സിനിമകള്‍ തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമിക്കുന്ന സൂര്യയുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കരിയറിലെ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടുകളിലൊന്നായ വാടിവാസല്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടും ഇതില്‍പ്പെടും. ഈ റിപ്പോര്‍ട്ടിന് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.

മലയാളി സംവിധായകനായ ജിത്തു മാധവനൊപ്പം സൂര്യ കൈകോര്‍ക്കുന്ന പ്രൊജക്ടിനെക്കുറിച്ചും ധാരാളം അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാടിവാസലിന്റെ നിര്‍മാതാവ് കലൈപ്പുള്ളി എസ്. താനു ഈ ചിത്രം നിര്‍മിക്കുമെന്നും കേള്‍ക്കുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സൂര്യ പൊലീസ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സൂര്യ പൊലീസ് വേഷത്തിലെത്തിയ ഐക്കോണിക് കഥാപാത്രങ്ങള്‍ ഈ റിപ്പോര്‍ട്ടിന് പിന്നാലെ ചര്‍ച്ചയാവുകയും ചെയ്തു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്കയിലാണ് താരം ആദ്യമായി പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. അന്‍പുസെല്‍വന്‍ ഐ.പി.എസ്. എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്.

ഹരി സംവിധാനം ചെയ്ത സിങ്കം താരത്തിന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറുകയും ചെയ്തു. ദുരൈസിങ്കം എന്ന കഥാപാത്രം തമിഴ്‌നാട്ടില്‍ ട്രെന്‍ഡായി മാറി. ആദ്യഭാഗത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമായിരിക്കും ജിത്തു മാധവനുമായുള്ള ചിത്രത്തിലെന്നാണ് അറിയാന്‍ സാധിക്കുന്നത്.

നായകനെ സ്റ്റൈലിഷായി അവതരിപ്പിക്കുന്ന ജിത്തു മാധവന്‍ സൂര്യയെ എങ്ങനെ അവതരിപ്പിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

നിലവില്‍ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ. താരത്തിന്റെ 46ാമത് ചിത്രമാണിത്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി ഒരുക്കുന്ന ചിത്രം പിരീയഡ് ഡ്രാമയായാണ് ഒരുങ്ങുന്നത്. ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, വെനം തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ സീനുകളൊരുക്കിയ സെ- യോങ് ഓഹ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 2026 സമ്മര്‍ റിലീസായാണ് ചിത്രം എത്തുകയെന്ന് കരുതുന്നു.

Content Highlight: Rumors that Suriya will play a role of cop in Jithu Madhavan project

We use cookies to give you the best possible experience. Learn more