തമിഴ് സിനിമയിലെയന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കങ്കുവ. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും മോശം സിനിമകളിലൊന്നായി മാറി. വന്‍ ഹൈപ്പില്‍ നാടാകെയുള്ള പ്രൊമോഷനിലെത്തിയ ചിത്രം ആദ്യ ഷോ അവസാനിച്ചപ്പോഴേക്കും മോശം പ്രതികരണം സ്വന്തമാക്കി.
സ്റ്റുഡിയോ ഗ്രീന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിച്ചത്. 220 കോടി ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 130 കോടി മാത്രമായിരുന്നു സ്വന്തമാക്കിയത്. കങ്കുവയുടെ നഷ്ടം നികത്താന്‍ സൂര്യയും സ്റ്റുഡിയോ ഗ്രീനും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ജീത്തു മാധവന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അവസാനഘട്ടത്തിലാണെന്നും അധികം വൈകാതെ ഒഫിഷ്യലായി ചിത്രം പ്രഖ്യാപിക്കുമെന്നുമാണ് അറിയാന്‍ കഴിയുന്നത്. അടുത്ത വര്‍ഷം പകുതിയോടെയാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക.
ആവേശത്തിന് ശേഷം ജിത്തു മാധവന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് പല റൂമറകുകളുണ്ടായിരുന്നെങ്കിലും അതില്‍ പിന്നീട് അപ്‌ഡേറ്റുകള്‍ വന്നിരുന്നില്ല. ഗോകുലം മൂവീസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം വരുന്നുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ പിന്നീട് ആ പ്രൊജക്ടിനെക്കുറിച്ച് മറ്റ് റിപ്പോര്‍ട്ടുകളൊന്നും വന്നില്ല.
ഫഹദ് ഫാസിലുമൊത്തുള്ള സിനിമയും ജീത്തുവിന്റെ ലൈനപ്പിലുണ്ടായിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്ക് അവസാനിക്കാത്തതിനാല്‍ ഫഹദ്- ജിത്തു പ്രൊജക്ടും വൈകുകയായിരുന്നു. പിന്നാലെയാണ് സൂര്യയുമായുള്ള പ്രൊജക്ടിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായത്. നിലവില്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത സൂര്യക്ക് ശക്തമായ തിരിച്ചുവരവ് അനിവാര്യമാണ്.
ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 അവസാനഘട്ട ചിത്രീകരണത്തിലാണ്. മാസ് ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46ന്റെ ഷൂട്ട് അടുത്തിടെ ആരംഭിച്ചിരുന്നു. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
Content Highlight: Rumors that Suriya will do a movie with Jithu Madhavan under Studio Green pictures