| Thursday, 26th June 2025, 3:49 pm

എല്‍.സി.യു ഒന്നുമല്ല, അതിനും മുമ്പ് ലോകേഷുമായി ഒന്നിക്കാന്‍ സൂര്യ? സംവിധായകനും നടനുമായല്ല വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ച് സിനിമകള്‍ കൊണ്ട് തമിഴിലെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ചെയ്ത സിനിമകളെല്ലാം വന്‍ വിജയമാക്കിയ ലോകേഷ് തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റാക്കി സിനിമാലോകത്തെ ഞെട്ടിച്ചു. തമിഴിലെ ആദ്യത്തെ സിനിമാറ്റിക് യൂണിവേഴ്‌സും ലോകേഷാണ് പരിചയപ്പെടുത്തിയത്.

തമിഴിലെ മികച്ച നടന്മാരിലൊരാളായ സൂര്യയും ലോകേഷും ഒന്നിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ അത് സംവിധാനസംരഭമല്ലെന്നാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. സംവിധാനത്തില്‍ നിന്ന് അഭിനയത്തിലേക്ക് ലോകേഷ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷന്‍ ത്രില്ലറിനായി ലോകേഷ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ സൂര്യയും പ്രത്യക്ഷപ്പെടുമെന്നും ഇരുവരും ഒന്നിച്ചുള്ള മാസ് സീനുകള്‍ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂന്ന് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. ആദ്യചിത്രമായ റോക്കി, പിന്നീട് വന്ന സാനി കായിധം എന്നിവ നിരൂപകപ്രശംസ നേടിയപ്പോള്‍ ധനുഷിനെ നായകനാക്കി ഒരുക്കിയ ക്യാപ്റ്റന്‍ മില്ലര്‍ ഗംഭീരവിജയമായി മാറി.

നിലവില്‍ രജിനികാന്ത് നായകനാകുന്ന കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷനിലാണ് ലോകേഷ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലാണ് കൂലി ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം ആരാധകരെ ആവേശം കൊള്ളിക്കുന്നവയായിരുന്നു. ഓഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുക. സണ്‍ പിക്‌ചേഴ്‌സാണ് കൂലിയുടെ നിര്‍മാണം.

കൂലിക്ക് ശേഷം സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2വിന്റെ പണികളിലേക്ക് ലോകേഷ് കടക്കുമെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ കൈതി വന്‍ വിജയമായിരുന്നു. ആറ് വര്‍ഷത്തിന് ശേഷമുള്ള ദില്ലിയുടെ രണ്ടാം വരവ് തിയേറ്ററുകള്‍ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. കാര്‍ത്തിക്ക് പുറമെ കമല്‍ ഹാസന്‍, സൂര്യ, ഫഹദ് ഫാസില്‍ എന്നിവര്‍ കൈതി 2വിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Suriya will also might be a part of Lokesh Kanagaraj’s debut hero movie

We use cookies to give you the best possible experience. Learn more