| Thursday, 5th June 2025, 3:56 pm

അഞ്ച് വര്‍ഷം കാളയെ വളര്‍ത്തിയത് വെറുതേയായി, കാത്തിരിപ്പിനൊടുവില്‍ വാടിവാസല്‍ ഉപേക്ഷിച്ചു?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരിലൊരാളായിട്ടും കഴിഞ്ഞ കുറച്ചുകാലങ്ങളായി തിയേറ്റര്‍ ഹിറ്റില്ലാത്തതിന്റെ പേരില്‍ പരിഹാസമേറ്റുവാങ്ങുന്ന നടനാണ് സൂര്യ. വന്‍ പ്രതീക്ഷയില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ ആ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് താരത്തിന് തിരിച്ചടിയാകുന്നത്. രണ്ടര വര്‍ഷത്തെ കഠിനാധ്വാനത്തിലൊരുക്കിയ കങ്കുവ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ചിത്രമായി മാറി.

പിന്നാലെയെത്തിയ റെട്രോയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൂര്യയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. തമിഴിലെ മികച്ച സംവിധായകരിലൊരാളായ വെട്രിമാരനുമായി സൂര്യ കൈകോര്‍ക്കുന്ന ചിത്രം അനൗണ്‍സ് ചെയ്തത് 2020ലായിരുന്നു.

സി.എസ്. ചെല്ലപ്പയെഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രഭാഷ്യമായാണ് വാടിവാസല്‍ പ്ലാന്‍ ചെയ്തത്. തമിഴ് ജനത ജീവശ്വാസമായി കാണുന്ന ജെല്ലിക്കെട്ടിനെ അടിസ്ഥാനമാക്കിയുള്ള കഥയാണ് വാടിവാസലിന്റേത്. തന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനായ കാരി എന്ന കാളയെ ജെല്ലിക്കെട്ടില്‍ കീഴടക്കാന്‍ ശ്രമിക്കുന്ന പിച്ചി എന്ന യുവാവിന്റെ കഥയാണ് നോവലിന്റേത്.

സൂര്യയുടെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമായാണ് വാടിവാസലിനെ കണക്കാക്കിയത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാത്തതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ഈ പ്രൊജക്ട് ഉപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓരോ സിനിമക്ക് വേണ്ടിയും വെട്രിമാരന്‍ ഒരുപാട് സമയമെടുക്കുന്നതാണ് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

സൂരി, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ ഒരുക്കിയ ചിത്രമായിരുന്നു വിടുതലൈ. അനൗണ്‍സ് ചെയ്ത് ഷൂട്ട് ആരംഭിച്ച ശേഷം സ്‌ക്രിപ്റ്റ് തിരുത്തുകയും രണ്ട് ഭാഗങ്ങളാക്കിയുമാണ് ചിത്രം ഒരുക്കിയത്. നാല് വര്‍ഷത്തോളമാണ് വെട്രിമാരന്‍ വിടുതലൈക്കായി ചെലവഴിച്ചത്. നാലരക്കോടി ബജറ്റ് തീരുമാനിച്ച ചിത്രം 65 കോടിക്കാണ് ഒടുവില്‍ ഒരുക്കിയത്.

വിടുതലൈയുടെ തിരക്കിന് ശേഷം വെട്രിമാരന്‍ വാടിവാസലിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ അതില്‍ പുരോഗതിയില്ലാത്തതിന് പിന്നാലെയാണ് ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ വരുന്നത്. വാടിവാസലിനായി സൂര്യ നാല് വര്‍ഷമായി കാളയെ വളര്‍ത്തുകയായിരുന്നു. ചിത്രത്തിനായി ഇംഗ്ലണ്ടില്‍ നിന്ന് റോബോട്ടിക് കാളയെ കൊണ്ടുവരുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിലധികം നീണ്ടുനിന്ന കാത്തിരിപ്പ് ഇങ്ങനെ അവസാനിച്ചതില്‍ ആരാധകര്‍ നിരാശയിലാണ്.

Content Highlight: Rumors that Suriya’s Vaadivasal movie dropped

We use cookies to give you the best possible experience. Learn more