സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വാടിവാസല്‍. തമിഴിലെ മികച്ച നടന്മാരിലൊരാളായ സൂര്യയും മികച്ച സംവിധായകരിലൊരാളായ വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വാടിവാസലിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ചു.
സി.എസ്. ചെല്ലയ്യയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് ജനതയുടെ വികാരമായ ജെല്ലിക്കെട്ടിനെ അടിസ്ഥാനമാക്കി രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് വാടിവാസലിന്റേത്. സൂര്യ ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പടുന്നത്.
2020ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ വര്‍ക്കുകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലായിരുന്നു. വിടുതലൈ എന്ന ചിത്രത്തിനായി നാല് വര്‍ഷത്തോളം വെട്രിമാരന്‍ മാറ്റിവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈയടുത്ത് വാടിവാസല്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വാടിവാസലിന് പകരം സിലമ്പരസനെ നായകനാക്കിക്കൊണ്ടുള്ള പ്രൊജക്ടിന് പിന്നാലെയാണ് വെട്രിമാരനെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാടിവാസലിനായി അഞ്ച് വര്‍ഷത്തോളം സൂര്യ കാളയെ വളര്‍ത്തിയിരുന്നു. എന്നാല്‍ അതെല്ലാം അര്‍ത്ഥമില്ലാതായതിന്റെ നിരാശയിലാണ് ആരാധകര്‍. എന്നാല്‍ ഈ നിരാശക്ക് അധികം ആയുസുണ്ടായിരുന്നില്ല. വാടിവാസല്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച അതേ നിര്‍മാതവായ കലൈപുള്ളി എസ്. താനുവിനൊപ്പം മറ്റൊരു പ്രൊജക്ട് സൂര്യയുടെ ലൈനപ്പിലുണ്ട്.
ആവേശം എന്ന ഹിറ്റൊരുക്കിയ ജിത്തു മാധവനൊപ്പമുള്ള പ്രൊജക്ടില്‍ ആവേശഭരിതരാണ് ആരാധകര്‍. ഫഹദ് എന്ന നടനെ പരമാവധി ഉപയോഗിച്ച ജീത്തു മാധവന്‍ സൂര്യയോടൊപ്പം ചേരുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ആവേശം എന്ന സിനിമയും രംഗണ്ണന്‍ എന്ന കഥാപാത്രവും തമിഴ്‌നാട്ടിലും തരംഗമായിരുന്നു.
നിലവില്‍ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് സൂര്യ. ലക്കി ഭാസ്‌കര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Rumors that Suriya’s 47th movie will be direct by Jithu Madhavan