തമിഴ് സിനിമക്ക് ഒരുപാട് പ്രധാന്യമുള്ള ഫെസ്റ്റിവല്‍ സീസണാണ് ദീപാവലി. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ദീപാവലി ലക്ഷ്യമിട്ട് ബോക്‌സ് ഓഫീസില്‍ പുറത്തിറങ്ങുകയും വന്‍ വിജയമാവുകയും ചെയ്യാറുണ്ട്. വിജയ്, രജിനികാന്ത്, അജിത്, സൂര്യ എന്നിവരുടെ സിനിമകള്‍ പ്രധാനമായും ദീപാവലി ലക്ഷ്യമിട്ടായിരുന്നു റിലീസായിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദീപാവലി റിലീസില്‍ നിന്ന് സൂപ്പര്‍സ്റ്റാറുകളെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. ഇത്തവണയും രജിനികാന്ത്, വിജയ്, അജിത് തുടങ്ങി ടൈര്‍ 1 നടന്മാരുടെ സിനിമകള്‍ ദീപാവലിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രജിനിയുടെ ബിഗ് ബജറ്റ് ചിത്രം കൂലി ഓഗസ്റ്റ് റിലീസായെത്തുമ്പോള്‍ വിജയ്‌യുടെ ജന നായകന്‍ പൊങ്കല്‍ റിലീസായാണ് എത്തുക.
ഗുഡ് ബാഡ് അഗ്ലിയുടെ വന്‍ വിജയത്തിന് ശേഷം പുതിയ സിനിമകള്‍ അനൗണ്‍സ് ചെയ്യാത്ത അജിത്തിന്റെ സിനിമയും ഈ ദീപാവലിക്കുണ്ടാകില്ല. ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമ ദീപാവലിക്ക് തിയേറ്ററുകളിലെത്തിക്കാന്‍ സൂര്യ ശ്രമിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 ഈ ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് റൂമറുകള്‍.
കഴിഞ്ഞവര്‍ഷം അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും അധികം വൈകാതെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ റിലീസായ എഴം അറിവാണ് ദീപാവലിക്ക് തിയേറ്ററിലെത്തിയ അവസാനത്തെ സൂര്യ ചിത്രം. 2020ല്‍ സൂരറൈ പോട്ര് ദീപാവലിക്ക് പുറത്തിറങ്ങിയെങ്കിലും നേരിട്ട് ഒ.ടി.ടിയിലെത്തിയ ചിത്രമായിരുന്നു ഇത്.
ഒരു പതിറ്റാണ്ടിന് ശേഷം ദീപാവലി റിലീസുമായി സൂര്യ തിയേറ്ററിലേക്കെത്തുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസില്‍ മികച്ച പെര്‍ഫോമന്‍സ് നടത്താന്‍ സൂര്യ എന്ന താരത്തിന് സാധിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ റിലീസായ റെട്രോയും ശരാശരിയിലൊതുങ്ങി. സൂര്യ 45 താരത്തിന്റെ തിരിച്ചുവരവാകുമെന്ന് ആരാധകര്‍ കരുതുന്നു.
എന്നാല്‍ ദീപാവലി റിലീസില്‍ സൂര്യയോട് ഏറ്റുമുട്ടാന്‍ മറ്റൊരു സിനിമയും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന ബൈസന്‍ ദീപാവലി റിലീസായാണ് എത്തുന്നത്. കബഡി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകഴിഞ്ഞു. മികച്ച സിനിമകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വിജയം സ്വന്തമാക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Rumors that Suriya 45 going to release this Diwali clash with Bison