തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയിലര്‍. പരാജയചിത്രങ്ങള്‍ക്ക് പിന്നാലെ രജിനികാന്തും നെല്‍സണും ഒന്നിച്ചപ്പോള്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പഴങ്കഥയാവുകയായിരുന്നു. 600 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്.
ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ കഴിഞ്ഞവര്‍ഷം സൂചിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ 2വിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആദ്യഭാഗത്തെക്കാള്‍ മികച്ചതാകും രണ്ടാം ഭാഗമെന്ന് അനൗണ്‍സ്‌മെന്റ് വീഡിയോയിലൂടെ വ്യക്തമായിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ആദ്യ ഭാഗത്തില്‍ രജിനികാന്ത്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന വില്ലനായി എത്തിയത് മലയാളി താരം വിനായകനായിരുന്നു. വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രം തമിഴ്‌നാട്ടില്‍ തരംഗമായി മാറി. രണ്ടാം ഭാഗത്തില്‍ വില്ലന്‍ ആരായിരിക്കുമെന്ന ചര്‍ച്ച ഇതിനോടകം സജീവമായിക്കഴിഞ്ഞു. ഇപ്പോഴിതാ ജയിലര്‍ 2വില്‍ സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
പടക്കളം സിനിമ കണ്ട ശേഷം അതിന്റെ അണിയറപ്രവര്‍ത്തകരെ രജിനികാന്ത് വിളിച്ച് അഭിനന്ദിച്ചതിന് പിന്നാലെയാണ് ജയിലര്‍ 2വില്‍ സുരാജിന്റെ സാന്നിധ്യം ചര്‍ച്ചയായത്. പടക്കളത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയിരുന്നു. വിനായകന്‍ ഞെട്ടിച്ചതുപോലെ സുരാജ് വെഞ്ഞാറമൂടും തലൈവരെ ഞെട്ടിക്കുമോ എന്നാണ് പലരും ചര്‍ച്ച ചെയ്യുന്നത്.
വിക്രം നായകനായെത്തിയ വീര ധീര സൂരനിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് തമിഴകത്തേക്ക് കാലെടുത്തുവെച്ചത്. വിക്രം, എസ്.ജെ. സൂര്യ എന്നിവര്‍ക്കൊപ്പം ശക്തമായ വേഷമായിരുന്നു സുരാജ് അവതരിപ്പിച്ചത്. കണ്ണന്‍ എന്ന കഥാപാത്രത്തെ പലരും പ്രത്യേകം പ്രശംസിച്ചിരുന്നു. രണ്ടാമത്തെ തമിഴ് ചിത്രത്തില്‍ രജിനികാന്തിന്റെ വില്ലനായി സുരാജിന് അവസരം ലഭിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ചെന്നൈ, ഹൈദരബാദ്, ഗോവ, മുംബൈ, എന്നിവിടങ്ങള്‍ക്ക് പുറമെ അട്ടപ്പാടിയും കോഴിക്കോടും ജയിലര്‍ 2വിന്റെ ലൊക്കേഷനുകളാണ്. 10 ദിവസത്തെ ഷൂട്ടിനായി കോഴിക്കോടാണ് നിലവില്‍ രജിനികാന്തും സംഘവും. ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ എസ്.ജെ. സൂര്യയും ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlight: Rumors that Suraj Venjaramoodu will be a part in Jailer 2