കഥ വര്‍ക്കാകുന്നില്ല, ബജറ്റും അധികം, കരിയറില്‍ വഴിത്തിരിവാകേണ്ട സിനിമ ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ ശിവകാര്‍ത്തികേയന്‍
Indian Cinema
കഥ വര്‍ക്കാകുന്നില്ല, ബജറ്റും അധികം, കരിയറില്‍ വഴിത്തിരിവാകേണ്ട സിനിമ ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ ശിവകാര്‍ത്തികേയന്‍
അമര്‍നാഥ് എം.
Monday, 2nd March 2026, 10:45 am

ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ഫാന്‍ബേസ് തമിഴില്‍ ഉണ്ടാക്കിയെടുത്ത നടനാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയറാരംഭിച്ച ശിവകാര്‍ത്തികേയന്‍ ഇന്ന് ടൈര്‍ 2ലെ മുന്‍നിരയില്‍ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. കോമഡി സിനിമകളിലൂടെയാണ് ശിവ ശ്രദ്ധ നേടിയതെങ്കിലും പിന്നീട് പരീക്ഷണ സിനിമകളും ചെയ്ത് തന്റെ റേഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ അതിഥിവേഷം താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചു. വിജയ്‌യുടെ കൈയില്‍ നിന്ന് തോക്ക് ഏറ്റുവാങ്ങുന്ന സീന്‍ ശിവകാര്‍ത്തികേയന്റെ കരിയറില്‍ നാഴികക്കല്ലായി മാറി. അടുത്ത ദളപതി എന്നായിരുന്നു പലരും ശിവയെ വിശേഷിപ്പിച്ചത്. എന്നാല്‍ ഗോട്ടിലെ അതിഥിവേഷത്തിന് ശേഷം ശിവ നായകനായെത്തിയ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.

പരാശക്തിക്ക് ശേഷം ശിവകാര്‍ത്തികേയന്റേതായി ഉയര്‍ന്നുകേട്ട പ്രൊജക്ടായിരുന്നു വെങ്കട് പ്രഭുവുമായുള്ള എസ്.കെ. 27. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈ പ്രൊജക്ടിന്മേല്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. സയന്‍സ് ഫിക്ഷനും മാസും ചേര്‍ന്ന ഴോണറിലാകും വെങ്കട് പ്രഭു ഈ പ്രൊജക്ട് ഒരുക്കുകയെന്നും റൂമറുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഈ പ്രൊജക്ട് ഉപേക്ഷിച്ചിരിക്കുകയാണ്. സ്‌ക്രിപ്റ്റില്‍ ഓക്കെയാകാത്തതുകൊണ്ടാണ് പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. കഥയുടെ എഗ്രിമെന്റില്‍ ഇരു കൂട്ടര്‍ക്കും എത്താന്‍ സാധിച്ചിരുന്നില്ലെന്നും ഇതിന് പിന്നാലെ പ്രൊജക്ട് ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

100 കോടിയിലേറെ ബജറ്റാണ് ഈ പ്രൊജക്ടിനായി കണക്കാക്കിയത്. പരാശക്തി ഹിറ്റായിരുന്നെങ്കില്‍ പ്രതിഫലം 50 കോടിയായി ഉയര്‍ത്താനായിരുന്നു ശിവ പ്ലാന്‍ ചെയ്തത്. എന്നാല്‍ 120 കോടിയിലൊരുക്കിയ പരാശക്തി 85 കോടി മാത്രമാണ് തിയേറ്ററില്‍ നിന്ന് നേടിയത്. ഇതോടെ എസ്.കെ. 27ന്റെ കാര്യം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിത്രത്തില്‍ നായികയായി പലരുടെയും പേര് ഉയര്‍ന്നുകേട്ടിരുന്നു. മൃണാള്‍ താക്കൂര്‍, കീര്‍ത്തി സുരേഷ് എന്നിവരുടെ പേരായിരുന്നു കേട്ടത്.

വെങ്കട്ട് പ്രഭുവുമായുള്ള പ്രൊജക്ട് നടന്നില്ലെങ്കിലും താരത്തിന്റെ അടുത്ത ചിത്രം ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒന്നാണ്. സെയോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവകുമാര്‍ മുരുകേശനാണ്. ശിവ നിര്‍മിച്ച് തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന തായ് കിഴവിയുടെ സംവിധായകനാണ് ശിവകുമാര്‍ മുരുകേശന്‍. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ വര്‍ക്കാകാതായപ്പോള്‍ റൂറല്‍ മാസ് സബ്ജക്ടാണ് ശിവ തെരഞ്ഞെടുത്തത്. കമല്‍ ഹാസന്‍ നിര്‍മിക്കുന്ന സെയോണ്‍ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Rumors that Sivakarthikeyan- Venkat Prabhu project is shelved

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം