ഡൂംസ്‌ഡേയ്ക്ക് ചെക്ക് വെക്കാന്‍ ഡി.സിയുടെ തുറുപ്പുചീട്ട്, അടിക്കുന്ന അടിയില്‍ കിട്ടാന്‍ പോകുന്നത് ഒന്നൊന്നര ബട്ടര്‍ഫ്‌ളൈ എഫക്ട്
World Cinema
ഡൂംസ്‌ഡേയ്ക്ക് ചെക്ക് വെക്കാന്‍ ഡി.സിയുടെ തുറുപ്പുചീട്ട്, അടിക്കുന്ന അടിയില്‍ കിട്ടാന്‍ പോകുന്നത് ഒന്നൊന്നര ബട്ടര്‍ഫ്‌ളൈ എഫക്ട്
അമര്‍നാഥ് എം.
Thursday, 8th January 2026, 5:35 pm

ലോക സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലാണ് ചിത്രം ഒരുങ്ങുന്നത്. ബോക്‌സ് ഓഫീസില്‍ ആദ്യത്തെ മൂന്ന് ബില്യണ്‍ കളക്ഷന്‍ ഈ ചിത്രത്തിലൂടെ മാര്‍വല്‍ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. മാര്‍വലിന്റെ ചിരവൈരികളായ ഡി.സി എന്റര്‍ടൈന്മെന്റ്‌സ് മാര്‍വലിന് ചെക്ക് വെക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മൂന്ന് വര്‍ഷത്തോളമായി ഡി.സി ആരാധകര്‍ കാത്തിരിക്കുന്ന ബാറ്റ്മാന്‍ 2വിനെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹോളിവുഡിലെ വമ്പന്മാരായ സെബാസ്റ്റ്യന്‍ സ്റ്റാന്‍ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

ബാറ്റ്മാന്‍ കോമിക്‌സിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഹാര്‍വി ഡെന്റിന്റെ വേഷമാകും സെബാസ്റ്റ്യന്‍ സ്റ്റാന്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഹാര്‍വി ഡെന്റിന്റെ ടു ഫേസ് ലുക്ക് സെബാസ്റ്റ്യന്‍ സ്റ്റാന്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ഹാര്‍വി ഡെന്റിന്റെ കാമുകിയായ ഗില്‍ഡ ഡെന്റിനെ അവതരിപ്പിക്കുന്നത് ഹോളിവുഡ് സൂപ്പര്‍താരം സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ ആയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബാറ്റ്മാന്റെ ആദ്യ ഭാഗത്തില്‍ അതിഥിവേഷം ചെയ്ത ബാരി കിയോഗനാകും രണ്ടാം ഭാഗത്തില്‍ ജോക്കറായി വേഷമിടുകയെന്നും റൂമറുകളുണ്ട്. ജിം ഗോര്‍ഡനായി ജെഫ്രി റൈറ്റും പെന്‍ഗ്വിനായി കോളിന്‍ ഫാരെലും വേഷമിടുമ്പോള്‍ ഡി.സിയുടെ ചരിത്രത്തിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായി ബാറ്റ്മാന്‍ 2 മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇതിന് പുറമെ ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ് പിറ്റും ബാറ്റ്മാന്റെ രണ്ടാം ഭാഗത്തില്‍ അതിഥിവേഷം ചെയ്യുമെന്ന് റൂമറുകളുണ്ട്. 2022ല്‍ അനൗണ്‍സ് ചെയ്ത ചിത്രം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാനാണ് ഒരുപാട് സമയമെടുത്തത്. കഴിഞ്ഞവര്‍ഷമാണ് ബാറ്റ്മാന്‍ 2വിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതെന്ന് സംവിധായകന്‍ മാറ്റ് റീവ്‌സ് അറിയിച്ചത്.

ജെയിംസ് ഗണ്ണിന്റെ വരവോടെ ഡാര്‍ക്ക് ഫ്രെയിമുകള്‍ ഒഴിവാക്കി കളര്‍ഫുള്ളായിരിക്കുകയാണ് ഡി.സി. ബാറ്റ്മാന്റെ രണ്ടാം ഭാഗത്തിലും ഒരുപാട് മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യഭാഗത്തെപ്പോലെ ബാറ്റ്മാന്‍ എന്ന കഥാപാത്രത്തിന്റെ ഡിറ്റക്ടീവ് സൈഡാകും ഈ ചിത്രത്തിലും കാണിക്കുകയെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ഒത്തുവന്നാല്‍ ഡി.സിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ബാറ്റ്മാന്‍ 2 മാറും.

Content Highlight: Rumors that Sebastian Stan might be part of Batman part 2 movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം