ഹിന്ദിയിലെ സംവിധായകരെ വേണ്ടാതായോ, സല്‍മാന്‍ ഖാന് പിന്നാലെ തെലുങ്കിലെ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കാന്‍ ഹൃതിക് റോഷനും?
Indian Cinema
ഹിന്ദിയിലെ സംവിധായകരെ വേണ്ടാതായോ, സല്‍മാന്‍ ഖാന് പിന്നാലെ തെലുങ്കിലെ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കാന്‍ ഹൃതിക് റോഷനും?
അമര്‍നാഥ് എം.
Friday, 6th March 2026, 7:19 pm

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ ഇന്‍ഡസ്ട്രിയായിരുന്നു ബോളിവുഡ്. താരപ്പകിട്ട് കൊണ്ടും ഇട്ടുമൂടാനുള്ള ബജറ്റ് കൊണ്ടും ബോളിവുഡ് മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ ഉയരത്തില്‍ തിളങ്ങിനിന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോളിവുഡിന് അത്ര നല്ല സമയമല്ല. വമ്പന്‍ സിനിമകളെല്ലാം കൂട്ടത്തോടെ പരാജയമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

സൂപ്പര്‍താരങ്ങളുടെ സിനിമകളടക്കം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതെല്ലാം ആരാധകരെ നിരാശരാക്കി. ഇപ്പോഴിതാ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മറ്റ് ഭാഷകളിലെ സംവിധായകരുമായി കൈകോര്‍ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനാണ് ലിസ്റ്റിലെ ആദ്യതാരം. സമീപകാലത്ത് എടുത്തുപറയാന്‍ വലിയ ഹിറ്റില്ലാത്ത സല്‍മാന്‍ ഖാന്‍ തെലുങ്ക് സംവിധായകരെ ഇത്തവണ പരീക്ഷിക്കുന്നത്.

തെലുങ്കിലെ മുന്‍നിര സംവിധായകരിലൊരാളായ വംശി പൈടിപ്പള്ളിയുമായിട്ടാകും സല്ലു ഭായ്‌യുടെ അടുത്ത പ്രൊജക്ടെന്നാണ് റൂമറുകള്‍. തോഴ, വാരിസ് എന്നീ ചിത്രങ്ങളൊരുക്കിയ വംശി ഇത്തവണ മാസ് ആക്ഷന്‍ ചിത്രം തന്നെയാകും സല്‍മാന്‍ ഖാന് വേണ്ടി തയാറാക്കുകയെന്നും കേള്‍ക്കുന്നു. കൊവിഡിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായ ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സിക്കന്ദറിനും പരാജയമാകാനായിരുന്നു വിധി.

സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ ഹൃതിക് റോഷനും തെലുങ്ക് സംവിധായകനുമായി കൈകോര്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഡാക്കു മഹാരാജ് അണിയിച്ചൊരുക്കിയ ബോബി കൊല്ലിയുമായി ഹൃതിക് പ്രൊജക്ട് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.

തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സ് ഈ പ്രൊജക്ട് നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് ബോബി കൊല്ലി. ഹൃതിക്കാകട്ടെ ക്രിഷ് 4ന്റെ പ്രീ പ്രൊഡക്ഷന്‍ അടുത്തിടെ ആരംഭിക്കുകയും ചെയ്തു. 2027ല്‍ ഹൃതിക്- ബോബി പ്രൊജക്ട് ഓണാകുമെന്നാണ് കരുതുന്നത്.

അപാര പൊട്ടന്‍ഷ്യലുണ്ടായിട്ടും അത് വേണ്ട രീതിയില്‍ ഉപയോഗിക്കാത്ത നടനായാണ് പലരും ഹൃതിക്കിനെ കണക്കാക്കുന്നത്. വിക്രം വേദ, ഫൈറ്റര്‍ തുടങ്ങി വന്‍ ഹൈപ്പിലെത്തിയ ചിത്രങ്ങളെല്ലാം ശരാശരിയിലൊതുങ്ങുകയായിരുന്നു. ബോളിവുഡിലെ സംവിധായകരെല്ലാം പുതിയ ഐഡിയകള്‍ പരീക്ഷിക്കാതെ സ്ഥിരം ഓവര്‍ ദി ടോപ്പ് സിനിമകള്‍ മാത്രം ഒരുക്കുന്നതുകൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ ഇത്തരത്തില്‍ സൗത്ത് ഇന്ത്യന്‍ സംവിധായകരുമായി കൈകോര്‍ക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Rumors that Salman Khan and Hrithik Roshan might joining hands with Telugu directors

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം