മലയാളികള്‍ക്ക് ഓണം എത്രമാത്രം പ്രധാനമാണോ അതുപോലെ തമിഴ് ഇന്‍ഡസ്ട്രിയില്‍ പ്രധാനപ്പെട്ട സീസണാണ് പൊങ്കല്‍. സൂപ്പര്‍താര സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുന്നത് ഓരോ പൊങ്കലിനും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി പൊങ്കലിന് വമ്പന്‍ സിനിമകളൊന്നുമില്ലായിരുന്നു.
വിജയ്‌യുടെ അവസാന ചിത്രമായിരുന്ന ജന നായകന്‍ ഈ വര്‍ഷം പൊങ്കലിന് എത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം അവസാനനിമിഷം റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നാലെ ഒരുപിടി ചെറിയ സിനിമകള്‍ തിയേറ്ററുകളിലെത്തി മികച്ച വിജയം സ്വന്തമാക്കിയത് വലിയ വാര്‍ത്തയായി. ദളപതി കളമൊഴിഞ്ഞതും അജിത് റേസിങ്ങിന് ശ്രദ്ധ നല്‍കുന്നതും ഇന്‍ഡസ്ട്രിക്ക് നല്‍കിയ ക്ഷീണം ചെറുതല്ല.

അടുത്ത വര്‍ഷത്തെ പൊങ്കലിന് സൂപ്പര്‍സ്റ്റാര്‍ രജിനിയുടെ ധര്‍മന്‍ പ്രധാന റിലീസാണെന്നത് സിനിമാലോകത്തെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷം രജിനി നായകനാകുന്ന ഒരു ചിത്രം പൊങ്കലിന് എത്തുന്നതെന്ന പ്രത്യേകത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ധര്‍മന്‍ പൊങ്കല്‍ റിലീസില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
രണ്ട് ഷെഡ്യൂളുകള്‍ ഇനിയും ബാക്കിയുണ്ട്. വി.എഫ്.എക്‌സ് വര്‍ക്കുകളും ബാക്കിയുള്ളതിനാല്‍ പറഞ്ഞ സമയത്ത് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ഏറെക്കുറെ അസാധ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല സംവിധായകരും മാറി മാറി വന്നതിനാലാണ് ധര്‍മന്റെ റിലീസ് വൈകിയത്. 2027 ഏപ്രില്‍ അവസാനത്തേക്കാകും ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുക. ധര്‍മന്‍ പിന്മാറിയതോടെ പൊങ്കലിനെത്തുന്ന മറ്റ് സിനിമകള്‍ ഏതൊക്കെയാകുമെന്നാണ് പുതിയ ചര്‍ച്ച.

വിക്രം നായകനാകുന്ന പവര്‍ ഹൗസും വിശാലിന്റെ പുരുഷനും വെട്രിമാരന്റെ രാജന്‍ വഗെയ്‌രയുമായിരിക്കും അടുത്ത വര്‍ഷത്തെ പൊങ്കലിന് തിയേറ്ററുകളിലെത്തുക. സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇത് മൂന്നും. ഏത് ചിത്രമായിരിക്കും ഇതില്‍ വിജയിക്കുക എന്നതില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു.
പൊന്നിയിന്‍ സെല്‍വന് ശേഷം വലിയ ഹിറ്റില്ലാത്ത വിക്രമിന് പവര്‍ ഹൗസ് വളരെ പ്രധാനമാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ചര്‍ച്ചയാകാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ശങ്കറാണ്. സര്‍വ്വം മായയിലൂടെ ശ്രദ്ധ നേടിയ റിയ ഷിബുവും ചിത്രത്തിന്റെ ഭാഗമാണ്. മകുടത്തിലൂടെ ട്രോള്‍ മെറ്റീരിയലായി മാറിയ വിശാലിന് പുരുഷനും പ്രധാനമാണ്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്.

അരസന്റെ ഷൂട്ട് പകുതിക്ക് വെച്ച് നിര്‍ത്തി വെട്രിമാരന്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ് രാജന്‍ വഗെയ്‌ര. വട ചെന്നൈയിലെ രാജന്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ചിത്രം പറയുന്നത്. കെന്‍ കരുണാസാണ് ചിത്രത്തിലെ നായകന്‍. ഈ മൂന്ന് സിനിമകളില്‍ ഏത് ചിത്രം വിജയിക്കുമെന്നാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
Content Highlight: Rumors that Rajnikanth’s Dharman movie out from 2027 Pongal
