| Thursday, 8th May 2025, 7:51 pm

ഫഹദ്, നരേന്‍, മാത്യു തോമസ്... എല്‍.സി.യുവിലെ അടുത്ത മലയാളിസാന്നിധ്യമായി നിവിനും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിലൂടെ തമിഴ് സിനിമയില്‍ രൂപം കൊണ്ട സിനിമാറ്റിക് യൂണിവേഴ്‌സാണ് എല്‍.സി.യു. കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ വിക്രം എന്ന സിനിമയിലേക്കെത്തിച്ചത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. വിജയ് നായകനായ ലിയോയും ഈ യൂണിവേഴ്‌സില്‍ ഉള്‍പ്പെടുത്തിയതോടെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ യൂണിവേഴ്‌സായി എല്‍.സി.യു മാറി.

കമല്‍ ഹാസന്‍, വിജയ്, സൂര്യ, കാര്‍ത്തി എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസിലും ഈ യൂണിവേഴ്‌സിന്റെ ഭാഗമാണ്. എല്‍.സി.യുവിലെ അടുത്ത ചിത്രമായ കൈതി 2വില്‍ എല്ലാ താരങ്ങളും അണിനിരക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഫഹദിനെക്കൂടാതെ മലയാളി താരങ്ങളായ നരേന്‍, മാത്യു തോമസ് എന്നിവരും എല്‍.സി.യുവിലെ പ്രധാന കഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ ഈ നിരയിലേക്ക് മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളിയും ചേരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എല്‍.സി.യുവിലെ പുതിയ ചിത്രമായ ബെന്‍സില്‍ നിവിനും പ്രധാനവേഷത്തിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഘവ ലോറന്‍സ് നായകനാകുന്ന ചിത്രം എല്‍.സി.യുവിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒന്നാണ്.

ലോകേഷ് കനകരാജിന്റെ കഥയിലൊരുങ്ങുന്ന ബെന്‍സ് സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ലോകേഷിന്റെ നിര്‍മാണക്കമ്പനിയായ ജി സ്‌ക്വാഡാണ് ബെന്‍സ് നിര്‍മിക്കുന്നത്. ജിഗര്‍തണ്ട ഡബിള്‍ എക്‌സിലൂടെ മികച്ച നടനാണ് താനെന്ന് തെളിയിച്ച രാഘവ ലോറന്‍സിന്റെ അതിശക്തമായ കഥാപാത്രമാകും ബെന്‍സെന്ന് ആരാധകര്‍ കരുതുന്നു.

പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ തമിഴ്‌നാട്ടില്‍ ശ്രദ്ധേയനാകാന്‍ നിവിന്‍ പോളിക്ക് സാധിച്ചു. തമിഴില്‍ നിവിന്‍ നായകനായി അരങ്ങേറിയ ആദ്യ ചിത്രം റിച്ചി സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ തമിഴിലെ മികച്ച സംവിധായകരിലൊരാളായ റാം സംവിധാനം ചെയ്യുന്ന ഏഴു കടല്‍ ഏഴു മലൈ എന്ന ചിത്രം നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു.

എല്‍.സി.യുവിന്റെ ഭാഗമാകുന്നതോടെ തമിഴില്‍ നിവിന് ആരാധകര്‍ കൂടുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും നിവിന്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. തമിഴിലെ പുതിയ സെന്‍സേഷനായ സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം. 2026ല്‍ ബെന്‍സ് തിയേറ്ററുകളിലെത്തും.

Content Highlight: Rumors that Nivin Pauly will be the part of LCU through Benz movie starring Raghawa Lawrence

We use cookies to give you the best possible experience. Learn more