| Sunday, 6th July 2025, 9:31 pm

എല്‍.സി.യു മാത്രമല്ല, കാര്‍ത്തിയുടെ ഗ്യാങ്സ്റ്റര്‍ ചിത്രത്തിലും പ്രധാനവേഷത്തിലെത്താന്‍ നിവിന്‍? തമിഴിലെ രണ്ടാം ഇന്നിങ്‌സ് കളറാകുമെന്ന് ഉറപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ട ചോയ്‌സായിരുന്നു നിവിന്‍ പോളി. തുടര്‍ച്ചയായി നാല് സിനിമകള്‍ 100 ദിവസത്തിന് മുകളില്‍ പ്രദര്‍ശിപ്പിച്ച് ഇന്‍ഡസ്ട്രിയിലെ അടുത്ത സൂപ്പര്‍താരമെന്ന് വരെ പലരും അഭിപ്രായപ്പെട്ട നിവിന്‍ ഇടക്ക് ബോക്‌സ് ഓഫീസില്‍ കാലിടറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ താരത്തിന്റെ സിനിമകള്‍ പലതും പ്രേക്ഷകര്‍ കൈവിട്ടു.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ അതിഥിവേഷത്തിലൂടെ നിവിന്‍ തിരിച്ചുവരവിന്റെ സൂചനകള്‍ സമ്മാനിച്ചു. പിന്നീട് മികച്ച ലൈനപ്പാണ് താരത്തിന്റേതായി പുറത്തുവന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍.സി.യുവിലും താരം ഭാഗമാകുന്നുണ്ടെന്ന വാര്‍ത്ത ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

എന്നാല്‍ എല്‍.സി.യുവിന് പിന്നാലെ തമിഴിലെ വമ്പന്‍ സിനിമകളില്‍ നിവിന്‍ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിയെ നായകനാക്കി തമിഴ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിനും പ്രധാനവേഷം കൈകാര്യം ചെയ്യുമെന്നാണ് റൂമറുകള്‍. കാര്‍ത്തി 29 എന്ന് താത്കാലിക ടൈറ്റില്‍ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത വര്‍ഷമായിരിക്കും ആരംഭിക്കുകയെന്ന് കേള്‍ക്കുന്നു.

വെട്രിമാരന്റെ സഹായിയായ തമിഴ് അഭിനേതാവായും സംവിധായകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അസുരന്‍, വിടുതലൈ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷം കൈകാര്യം ചെയ്ത തമിഴ് ജയ് ഭീമിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. വിക്രം പ്രഭുവിനെ നായകനാക്കി ഠാണാക്കാരന്‍ എന്ന ചിത്രം സംവിധാനം ചെയ്തും തമിഴ് സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിച്ചു.

പൊലീസ് സിസ്റ്റത്തിലെ അസമത്വമാണ് ആദ്യചിത്രത്തിലൂടെ സംസാരിച്ചതെങ്കില്‍ ഗ്യാങ്‌സ്റ്റര്‍ ചിത്രമായാണ് രണ്ടാമത്തെ സംവിധാനം സംരംഭം തമിഴ് ഒരുക്കുന്നത്. കാര്‍ത്തിക്കൊപ്പം ശക്തമായ വേഷം തന്നെയാകും നിവിനും അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ചിത്രങ്ങളാണ് നിവിന്റേതായി ഒരുങ്ങുന്നത്.

റാം സംവിധാനം ചെയ്യുന്ന ഏഴ് കടല്‍ ഏഴ് മലൈ ചിത്രീകരണം പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുകയാണ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേഖലകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ സൂരിയും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ബെന്‍സില്‍ വില്ലനായാണ് നിവിന്‍ വേഷമിടുന്നത്.

രാഘവ ലോറന്‍സ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ കാസ്റ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാധവന്‍, മഡോണ സെബാസ്റ്റിയന്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Rumors that Nivin Pauly doing a strong role in Karthi’s next film

We use cookies to give you the best possible experience. Learn more