| Saturday, 5th July 2025, 5:28 pm

ഇന്‍ട്രോവെര്‍ട്ട് റോളുകള്‍ക്ക് തത്കാലം വിട, ടിക്കി ടാക്കക്ക് പിന്നാലെ അമല്‍ നീരദ് ചിത്രത്തില്‍ നായകനാകാന്‍ നസ്‌ലെന്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്ത് ഈയടുത്ത് ചര്‍ച്ചയായ ഒന്നായിരുന്നു അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്ന പ്രൊജക്ട്. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വന്നില്ലെങ്കില്‍ പോലും കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമാപേജുകളില്‍ ഈ പ്രൊജക്ടായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുമെന്ന് കേട്ടിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ പ്രൊജക്ട് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വര്‍ഷം തന്നെ മറ്റൊരു ചിത്രത്തിലേക്ക് കടക്കാനാണ് അമല്‍ നീരദ് പ്ലാന്‍ ചെയ്യുന്നതെന്നും കേള്‍ക്കുന്നു. നിലവില്‍ മലയാളത്തിലെ തിരക്കേറിയ യുവനടന്മാരിലൊരാളായ നസ്‌ലെനെ നായകനാക്കിയാകും അമല്‍ നീരദ് ഈ പ്രൊജക്ട് ഒരുക്കുകയെന്നും റൂമറുകളുണ്ട്.

സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും 2026ല്‍ ചിത്രം തിയേറ്ററിലെത്തുമെന്നും കേള്‍ക്കുന്നു. ആലപ്പുഴ ജിംഖാനക്ക് ശേഷം മികച്ച ലൈനപ്പാണ് നസ്‌ലെന്റേത്. കളക്ക് ശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിലാണ് നിലവില്‍ നസ്‌ലെന്‍ അഭിനയിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ഷൂട്ടില്‍ അടുത്തിടെ താരം ജോയിന്‍ ചെയ്തിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ഇന്‍ട്രൊവേര്‍ട്ടായിട്ടുള്ള വേഷങ്ങള്‍ മാത്രം ചെയ്യുന്നുവെന്ന വിമര്‍ശനം നസ്‌ലെന് നേരെ ഉയര്‍ന്നിരുന്നു. ആലപ്പുഴ ജിംഖാനയിലെ ജോജോ അതിന് ഒരു മാറ്റം കൊണ്ടുവന്നിരുന്നു. പിന്നാലെ ആക്ഷന്‍, റോളുകളിലേക്ക് താരം ചുവടുമാറ്റുകയാണെന്നും റൂമറുകളുണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിലാണ് നസ്‌ലെന്‍ തന്റെ കരിയറില്‍ ഷിഫ്റ്റ് നടത്തുന്നത്.

താരതമ്യേന ചെറിയ ബജറ്റിലെത്തുന്ന ചിത്രമായിരിക്കും അമല്‍ നീരദ്- നസ്‌ലെന്‍ പ്രൊജക്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദിന്റെ സ്ഥിരം പാറ്റേണില്‍ നടക്കുന്ന കഥ തന്നെയായിരിക്കും ഈ ചിത്രത്തിലും. മമ്മൂട്ടിയെ മുതല്‍ ഫഹദ് ഫാസിലിനെ വരെ ഏറ്റവും സ്റ്റൈലിഷായി തന്റെ ഫ്രെയിമുകളില്‍ അവതരിപ്പിച്ച അമല്‍ നീരദ് നസ്‌ലെനെ എങ്ങനെ അവതരിപ്പിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലേകം.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന സൂപ്പര്‍ഹിറോ ചിത്രം ലോകഃ ചാപ്റ്റര്‍ വണ്ണിലും നസ്‌ലെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ചര്‍ച്ചയായിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക് യൂണിവേഴ്‌സിനാണ് ലോകഃയിലൂടെ തുടക്കം കുറിക്കുന്നത്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Rumors that Naslen joining hands with Amal Neerad

Latest Stories

We use cookies to give you the best possible experience. Learn more