| Thursday, 19th June 2025, 9:30 am

ഫീല്‍ ഗുഡിന്റെ എക്‌സ്ട്രീം വേര്‍ഷന്‍ കാണിച്ച സംവിധായകന്റെ സിനിമയില്‍ ശിവകാര്‍ത്തികേയനൊപ്പം മോഹന്‍ലാലും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തന്റെ പേരിലാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. തുടര്‍ പാരാജയങ്ങള്‍ക്ക് പിന്നാലെ സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിന്റെ പേരിലും മോഹന്‍ലാല്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയായിരുന്നു ഈ വര്‍ഷത്തെ തിരിച്ചുവരവ്.

എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ സകല റെക്കോഡുകളും തന്റെ പേരിലാക്കിയ മോഹന്‍ലാല്‍ എതിരാളികളാരുമില്ലാതെ തന്റെ താരസിംഹാസനം വീണ്ടെടുക്കുന്ന കാഴ്ച കാണാന്‍ സാധിച്ചു. ഇപ്പോഴിതാ മലയാളത്തിലെ വിജയം തമിഴിലും ആവര്‍ത്തിക്കാന്‍ പോവുകയാണ് താരം.

ഗുഡ് നൈറ്റ് എന്ന ചിത്രമൊരുക്കിയ വിനായക് ചന്ദ്രശേഖറിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും ഭാഗമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ താരത്തിന്റെ അച്ഛനായാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുകയെന്നാണ് റൂമറുകള്‍.

കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിന് SK 24 എന്നാണ് താത്കാലികമായി ടൈറ്റില്‍ ഇട്ടിരിക്കുന്നത്. മഹാരാജ,മാസ്റ്റര്‍, പാര്‍ക്കിങ് തുടങ്ങി മികച്ച സിനിമകള്‍ ഒരുക്കിയ പാഷന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കരുതുന്നു.

നിലവില്‍ സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയുടെ തിരക്കിലാണ് ശിവകാര്‍ത്തികേയന്‍. 1970കളില്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചമര്‍ത്തലിനെതിരെ നടന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അഥര്‍വ, ശ്രീലീല എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രവി മോഹനാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫും പരാശക്തിയുടെ ഭാഗമാകുന്നുണ്ട്.

അതേസമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ടിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ശ്രീലങ്കയിലെ രണ്ടാമത്തെ ഷെഡ്യൂളില്‍ താരം കഴിഞ്ഞദിവസം ജോയിന്‍ ചെയ്തു. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2വിലും മോഹന്‍ലാല്‍ ഭാഗമാകുന്നുണ്ട്. തന്റെ സ്റ്റാര്‍ഡം ഇന്ത്യന്‍ സിനിമയെ കാണിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍.

Content Highlight: Rumors that Mohanlal might be a part of Sivakarthikeyan’s new movie

We use cookies to give you the best possible experience. Learn more