മലയാളത്തിലെ മികച്ച നിര്‍മാതാക്കളിലൊരാളാണ് ആഷിക് ഉസ്മാന്‍. 2013ല്‍ പുറത്തിറങ്ങിയ അരികില്‍ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് ആഷിക് ഉസ്മാന്‍ നിര്‍മാണരംഗത്തേക്ക് കടന്നുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ആഷികിന് സാധിച്ചു. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകളിലൊന്നായ തല്ലുമാല നിര്‍മിച്ചത് ആഷിക്കായിരുന്നു.
മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ കഴിഞ്ഞദിവസം ആഷിക് ഉസ്മാന്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഓസ്റ്റിന്‍ ഡാനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് അഭ്യൂഹങ്ങള്‍. വിജയ് സൂപ്പറും പൗര്‍ണമിയും, തല്ലുമാല എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ് ഓസ്റ്റിന്‍ ഡാന്‍. മുമ്പ് ജയസൂര്യയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനിരുന്നെങ്കിലും ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.
നിലവിലെ തിരക്കുകള്‍ക്ക് ശേഷമാകും ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഭാഗമായേക്കുകയെന്നും കേള്‍ക്കുന്നുണ്ട്. 2026ലാകും ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പുതിയ പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
11 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ഹൃദയപൂര്‍വമാണ് താരത്തിന്റെ പുതിയ റിലീസ്. കൊച്ചിയിലും പൂനെയിലുമായി ഷൂട്ട് ചെയ്ത ചിത്രം ഓണം റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. മാളവിക മോഹന്‍, സംഗീത എന്നിവരാണ് നായികമാര്‍. സംഗീത് പ്രതാപും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ടിന്റെ ഷൂട്ടിനായി ശ്രീലങ്കയിലാണ് താരമിപ്പോള്‍. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Rumors that Mohanlal joining hand with Ashiq Usman Productions for Austin Dan’s directorial debut