| Monday, 7th April 2025, 8:07 am

ജിത്തു മാധവന്‍ പ്രൊജക്ട് ഉടനെയുണ്ടാകില്ല, പകരം ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച സംവിധായകനൊപ്പം വീണ്ടും കൈകോര്‍ക്കാന്‍ മോഹന്‍ലാല്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്റെ വന്‍ വിജയത്തിലൂടെ മോഹന്‍ലാല്‍ എന്ന താരത്തിന്റെ വിശ്വരൂപത്തിനാണ് കേരള ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിച്ചത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ സിനിമയായെത്തിയ എമ്പുരാന്‍ സകല കളക്ഷന്‍ റെക്കോഡും തകര്‍ത്ത് മുന്നേറുകയാണ്. 250 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമയായി എമ്പുരാന്‍ മാറിയിരിക്കുകയാണ്.

എമ്പുരാന്റെ വിജയത്തിന് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് മേല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. റിലീസിന് തയാറെടുക്കുന്ന തുടരും മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. 10 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം കൈകോര്‍ക്കുന്ന ഹൃദയപൂര്‍വത്തിന്റെ ഷൂട്ട് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ലൈനപ്പുകളെപ്പറ്റി പല റൂമറുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആവേശം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവസംവിധായകരുമായി മോഹന്‍ലാല്‍ കൈകോര്‍ക്കുന്നത് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ജിത്തു മാധവന്റെ മുന്‍ സിനിമകള്‍ പോലെ ബെംഗളൂരു പശ്ചാത്തലമായുള്ള കോമഡി എന്റര്‍ടൈനറായിരിക്കും ഈ പ്രൊജക്ടെന്നായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാല്‍ ഈ ചിത്രം കുറച്ച് വൈകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി- മോഹന്‍ലാല്‍- മഹേഷ് നാരായണന്‍ പ്രൊജക്ടിന് ശേഷം ജിത്തു മാധവന്‍ ചിത്രത്തിലേക്ക് കടക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ ആ പ്രൊജക്ട് വൈകുന്നത് കൊണ്ട് ജിത്തു മാധവന്‍ പ്രൊജക്ട് തുടങ്ങാന്‍ വൈകുന്നതെന്നാണ് റൂമറുകള്‍.

പകരം ജീത്തു ജോസഫുമായി മറ്റൊരു ചിത്രം മോഹന്‍ലാല്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കോമ്പോയില്‍ പുറത്തുവന്ന നേരിന്റെ സീക്വലിനായിരിക്കും ഇരുവരും ഒന്നിക്കുകയെന്നാണ് കേള്‍ക്കുന്നത്. അഡ്വക്കേറ്റ് വിജയമോഹന്‍ വാദിക്കുന്ന മറ്റ് കേസുകളെക്കുറിച്ചുള്ള സിനിമകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ജീത്തു ജോസഫ് നേരിന്റെ വിജയത്തിന് ശേഷം അറിയിച്ചിരുന്നു. ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.

മോഹന്‍ലാലുമൊത്തുള്ള പ്രൊജക്ട് വൈകുന്നതിനാല്‍ ജിത്തു മാധവന്‍ ഫഹദ് ഫാസിലുമായി ഒരു സിനിമ ചെയ്‌തേക്കുമെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ അത് ആവേശത്തിന്റെ സീക്വലാകില്ലെന്നാണ് റൂമറുകള്‍. ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച രണ്ട് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആവേശത്തിലാണ്.

Content Highlight: Rumors that Mohanlal Jeethu Madhavan project will delay and Neru 2 will begin soon

We use cookies to give you the best possible experience. Learn more