തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി എന്ന യുവസംവിധായകനൊപ്പം മോഹന്‍ലാല്‍ കൈകോര്‍ത്തപ്പോള്‍ മികച്ചൊരു ചിത്രം തന്നെയാണ് തുടരും. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനും താരവും ഒരുപോലെ നിറഞ്ഞാടിയ ചിത്രം കൂടിയാണ് തുടരും. ബോക്‌സ് ഓഫീസില്‍ ഇതിനോടകം 40 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു.
ഇപ്പോഴിതാ മോഹന്‍ലാല്‍ ബ്ലെസിയുമായി കൈകോര്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആടുജീവിതം എന്ന ക്ലാസിക് ചിത്രത്തിന് ശേഷം ബ്ലെസി ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് റൂമറുകളുണ്ടായിരുന്നു. അതിനെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അവസാനഘട്ടത്തിലാണെന്നും ഈ വര്‍ഷം തന്നെ അനൗണ്‍സ് ചെയ്യുമെന്നുമാണ് കരുതുന്നത്. അടുത്ത വര്‍ഷം ഷൂട്ട് ആരംഭിക്കുമെന്ന് കരുതിയിരുന്ന ചിത്രം പ്രതീക്ഷിച്ചതിലും വേഗത്തില്‍ സ്റ്റാര്‍ട്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. മോഹന്‍ലാലിലെ നടനെ പരമാവധി ഉപയോഗിക്കുന്ന സബ്ജക്ട് തന്നെയാകും ബ്ലെസി ഒരുക്കിയിരിക്കുകയെന്നാണ് ആരാധകര്‍ കരുതുന്നത്.
ഡാര്‍ക്ക് ഷെയ്ഡുകളുള്ള കഥപാത്രമാണ് ബ്ലെസി മോഹന്‍ലാലിനായി ഒരുക്കിയിരിക്കുന്നതെന്നാണ് റൂമറുകള്‍. ഇതിന് മുമ്പ് ബ്ലെസിയും മോഹന്‍ലാലും ഒന്നിച്ചപ്പോഴെല്ലാം മികച്ച കഥാപാത്രങ്ങളാണ് സിനിമാപ്രേമികള്‍ക്ക് ലഭിച്ചത്. 2005ലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അള്‍ഷിമേഴ്‌സ് രോഗത്തിന്റെ ഭീകരത കാണിച്ചുതന്ന തന്മാത്ര എന്ന ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനെ തേടിയെത്തിയിരുന്നു.
ഇരുവരും വീണ്ടുമൊന്നിച്ച ഭ്രമരത്തിലും മോഹന്‍ലാലിന്റെ അവിസ്മരണീയ പ്രകടനം കാണാന്‍ സാധിച്ചു. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡില് അവസാന റൗണ്ട് വരെ ഭ്രമരം എത്തിയിരുന്നു. ഇതേ കോമ്പോ മൂന്നാമത് ഒന്നിച്ച പ്രണയവും നിരൂപക പ്രശംസ ലഭിച്ച ഒന്നായിരുന്നു. മോഹന്‍ലാലിന്റെ മികച്ച പ്രകടനം പ്രണയത്തിലും കാണാന്‍ സാധിച്ചു. ഈ മൂന്ന് സിനിമകളുടെയും മുകളില്‍ നില്‍ക്കുന്ന ഒന്നാകും അടുത്ത സിനിമയെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും 10 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ഹൃദയപൂര്‍വം, മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്നിവയും മോഹന്‍ലാലിന്റെ ലൈനപ്പിലുണ്ട്. ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ദൃശ്യം 3യും അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നു. തന്നിലെ നടനും താരവും എങ്ങും പോയില്ലെന്ന് മോഹന്‍ലാല്‍ തന്റെ സിനിമകളിലൂടെ തെളിയിക്കുകയാണ്.
Content Highlight: Rumors that Mohanlal Blessy project will start this year