| Thursday, 12th June 2025, 9:31 am

ബ്ലാക്ക് പാന്തറായി 'വെളുത്ത' നടന്‍! മാര്‍വലിന് എന്തുപറ്റിയെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍വല്‍ കോമിക്കുകളില്‍ ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍ഹീറോയാണ് ബ്ലാക്ക് പാന്തര്‍. കോമിക്കുകളില്‍ മാത്രം വന്നുപോകുന്ന ബ്ലാക്ക് പാന്തറിനെ ആദ്യമായി സിനിമയില്‍ പരിചയപ്പെടുത്തിയത് 2016ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍ എന്ന ചിത്രത്തിലൂടെയാണ്. വകാണ്ട എന്ന രാജ്യത്തെ സംരക്ഷിക്കുന്ന നേതാവാണ് ടുഹ് ചല്ല എന്ന ബ്ലാക്ക് പാന്തര്‍.

ചാഡ്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിട്ടത്. 2018ല്‍ ഈ കഥാപാത്രത്തെ നായകനാക്കി ബ്ലാക്ക് പാന്തര്‍ എന്ന ചിത്രം മാര്‍വല്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് മാര്‍വലിന്റെ ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങളിലും ബ്ലാക്ക് പാന്തര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്ലാക്ക് പാന്തറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രൊഡക്ഷനിടയിലാണ് ചാഡ്വിക് ബോസ്മാന്‍ മരണപ്പെട്ടത്.

തുടര്‍ന്ന് സ്‌ക്രിപ്റ്റില്‍ വലിയ മാറ്റം വരുത്തിയാണ് ചിത്രം പുറത്തിറക്കിയത്. ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ വകാണ്ട ഫോറെവറിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ കോമിക്‌സില്‍ ബ്ലാക്ക് പാന്തറിനെ വെളുത്തതായി അവതരിപ്പിച്ചിരിക്കുകയാണ് മാര്‍വല്‍. കോമിക്‌സിന് പിന്നാലെ അടുത്ത ചിത്രത്തില്‍ ‘വെളുത്ത’ ബ്ലാക്ക് പാന്തര്‍ ഉണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ഹോളിവുഡ് താരം റയാന്‍ ഗോസ്‌ലിങാണ് അടുത്ത ടുഹ് ചല്ലയായി വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരില്‍ ഒരുവിഭാഗം ആളുകള്‍ ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ചാഡ്വിക് ബോസ്മാന്‍ അനശ്വരമാക്കിയ വേഷത്തിലേക്ക് മറ്റൊരാളെ സങ്കല്പിക്കാന്‍ ആരാധകര്‍ക്ക് സാധിക്കാത്തതാണ് കാരണം.

വകാണ്ട ഫോറെവര്‍ എന്ന ചിത്രത്തില്‍ ലെറ്റീഷ്യ റൈറ്റ് അവതരിപ്പിച്ച ശുരിയെ അടുത്ത ബ്ലാക്ക് പാന്തറെന്ന രീതിയില്‍ അവതരിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ചിത്രത്തിന്റെ പരാജയത്തിന് കാരണമായി പലരും അഭിപ്രായപ്പെട്ടത് ഈ കാസ്റ്റിങ്ങിനെയായിരുന്നു. റയാന്‍ ഗോസ്‌ലിങ്ങിനെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

എന്‍ഡ് ഗെയിമിന് ശേഷം ബോക്‌സ് ഓഫീസില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് മാര്‍വല്‍ കാഴ്ചവെക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തണ്ടര്‍ബോള്‍ട്‌സ് പോസിറ്റീവ് റിവ്യൂ ലഭിച്ചിട്ടും 100 മില്യണോളം നഷ്ടമുണ്ടാക്കിയിരുന്നു. ഫേസ് സിക്‌സിലെ ആദ്യചിത്രമയ ഫന്റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്‌സ് അടുത്ത മാസം തിയേറ്ററുകളിലെത്തും.

Content Highlight: Rumors that Marvel planning to cast a White actor as Black Panther

We use cookies to give you the best possible experience. Learn more