| Thursday, 17th April 2025, 7:24 pm

ആദ്യം കൊടുമണ്‍ പോറ്റി, പിന്നെ കളങ്കാവല്‍, ഇപ്പോഴിതാ തെലുങ്കിലും വില്ലനാകാനൊരുങ്ങി മമ്മൂട്ടി?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന നടന്‍. അരനൂറ്റാണ്ടിന് മുകളിലായി മലയാളികളെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങളില്ല. കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരം സ്വന്തമാക്കാത്ത അവാര്‍ഡുകളില്ല. കരിയറിന്റെ പുതിയ ഘട്ടത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിപ്പിടിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടന്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭ്രമയുഗത്തില്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് മമ്മൂട്ടി ഇന്ത്യന്‍ സിനിമയെ ഒട്ടാകെ ഞെട്ടിച്ചിരുന്നു. കൊടുമണ്‍ പോറ്റിയായും ചാത്തനായും മാസ്മരിക പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. തന്റെ സ്റ്റാര്‍ഡത്തെ മറന്ന് ഇതുപോലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ പലരും പ്രശംസിച്ചിരുന്നു.

എന്നാല്‍ നെഗറ്റീവ് റോളുകള്‍ വീണ്ടും ചെയ്യാന്‍ തനിക്ക് മടിയില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മമ്മൂട്ടി. താരത്തിന്റെ അടുത്ത ചിത്രത്തില്‍ വിനായകന്റെ വില്ലനായാണ് മമ്മൂട്ടി വേഷമിടുന്നത്. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലാണ് മമ്മൂട്ടിയുടെ വില്ലനിസം ഇനി കാണാന്‍ സാധിക്കുക.

മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ ഞെട്ടിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രഭാസിനെ നായകനാക്കി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രഭാസിന്റെ അച്ഛനായിട്ടാകും മമ്മൂട്ടി പ്രത്യക്ഷപ്പെടുക എന്നായിരുന്നു ആദ്യം കേട്ട റൂമറുകള്‍.

പൊലീസ് ഓഫീസറായാണ് പ്രഭാസ് സ്പിരിറ്റില്‍ വേഷമിടുക. സന്ദീപ് വാങ്കയുടെ മുന്‍ ചിത്രങ്ങളിലെ നായകന്മാരെപ്പോലെ ടോക്‌സിക് കഥാപാത്രം തന്നെയാകും സ്പിരിറ്റിലേതും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിനൊപ്പമോ അല്ലെങ്കില്‍ അതിന് മുകളിലോ നില്‍ക്കുന്ന കഥാപാത്രമാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് ആരാധകര്‍ കരുതുന്നത്.

അതേസമയം കളങ്കാവല്‍ റിലീസിന് തയാറെടുക്കുകയാണ്. മെയ് 22ന് ചിത്രം തിയേറ്ററുകളിലെത്തും. ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്റെ കഥയെ അടിസ്ഥാനമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന കഥാപാത്രമാണ് കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് അടുത്തിടെ പറഞ്ഞിരുന്നു. ഓരോ സിനിമ കഴിയുന്തോറും സ്വയം തേച്ചുമിനുക്കുന്ന മമ്മൂട്ടിയുടെ പുതിയ അവതാരം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rumors that Mammooty going to do Villain role in Spirit starring Prabhas

We use cookies to give you the best possible experience. Learn more