തമിഴിലെ മികച്ച നടന്മാരിലൊരാളായ ധനുഷ് ഇപ്പോള്‍ പുതിയൊരു ട്രാക്കിലാണ്. ടൈര്‍ വണ്‍ നടന്മാര്‍ കളമൊഴിയാന്‍ തയാറാകുന്ന സമയത്ത് അവരുടെ സ്ഥാനം നേടിയെടുക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനിരിക്കുകയാണ്.
D55 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള റൂമറുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സായ് അഭ്യങ്കറാണെന്ന വിവരും ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ചിത്രത്തില്‍ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌പൈ ത്രില്ലര്‍ ഴോണറിലാകും ഈ ചിത്രം ഒരുങ്ങുക. ഏറെക്കാലത്തിന് ശേഷം ധനുഷ് കംപ്ലീറ്റ് ആക്ഷന്‍ മോഡിലെത്തുന്ന ചിത്രമായി D55 മാറിയേക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ധനുഷിനൊപ്പം കട്ടക്ക് നില്‍ക്കുന്ന വേഷമാകും മമ്മൂട്ടിയുടേതെന്നും റിപ്പോര്‍ട്ടുണ്ട്.
അമരനിലെ നായികയായ സായ് പല്ലവി തന്നെയാകും ഈ ചിത്രത്തിലും നായികയെന്നും അഭ്യൂഹമുണ്ട്. മാരി 2ന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രമായി D55 മാറും. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് അവസാനിച്ചെന്നും ഫെബ്രുവരി ആദ്യവാരം ഷൂട്ട് ആരംഭിക്കുമെന്നും അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്. ധനുഷിന്റെ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടുകളിലൊന്നാണ് D55.
പോര്‍ തൊഴിലിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന കരയാണ് താരത്തിന്റെ അടുത്ത റിലീസ്. മലയാളി താരങ്ങളായ മമിത ബൈജുവും ജയറാമും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 1990കളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം ഈ വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
നിലവില്‍ അന്യഭാഷയില്‍ ശ്രദ്ധ നല്‍കാത്ത മമ്മൂട്ടി ഈ പ്രൊജക്ടിന് ഏറെക്കുറെ സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുണ്ട്. പദയാത്ര, നിതീഷ് സഹദേവ് പ്രൊജക്ട്, ക്യൂബ്‌സ് പ്രൊജക്ട് എന്നിവക്കൊപ്പം D55 കൂടി മമ്മൂട്ടിയുടെ ലൈനപ്പിലുണ്ടാകുമ്പോള്‍ മമ്മൂട്ടി ഫാന്‍സും ആകാംക്ഷയുടെ കൊടുമുടിയിലാണ്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി D55 തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.