കൊവിഡിന് ശേഷം പഴയ ട്രാക്ക് മൊത്തമായി മാറ്റി വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞുപിടിച്ച് ചെയ്യുകയാണ് മമ്മൂട്ടി. ഇടക്ക് അസുഖം കാരണം ആറ് മാസത്തോളം ഇടവേളയെടുത്ത താരം അതിഗംഭീര തിരിച്ചുവരവാണ് നടത്തിയത്. തിരിച്ചുവരവില്‍ പരീക്ഷണ സിനിമകളും മാസ് സിനിമകളും ഒരുപോലെ ചെയ്യാനാണ് മമ്മൂട്ടിയുടെ പ്ലാനെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വന്‍ ബജറ്റിലെത്തുന്ന പാട്രിയറ്റ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിക്കാമുറി ഷണ്മുഖനായി ഒരിക്കല്‍ കൂടി വേഷമിടുന്നെന്ന വാര്‍ത്ത ഇന്‍ഡസ്ട്രിയെ ഇളക്കിമറിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ഖാലിദ് റഹ്‌മാനാണ് സംവിധാനം ചെയ്യുന്നതെന്ന വാര്‍ത്തയും ആരാധകര്‍ ആഘോഷമാക്കി. ഉണ്ടക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ മാസ് ആക്ഷന്‍ സിനിമയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മറ്റൊരു സാമ്യതയാണ്. ഒന്നിന് പിന്നാലെ ഒന്നായി മമ്മൂട്ടി കൈകോര്‍ക്കുന്ന സംവിധായകര്‍ രണ്ടുപേരും അടുത്തിടെ കളങ്കാവലിന്റെ പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്തവരാണ്. ഇതില്‍ അടുത്തതായി മമ്മൂട്ടി ആര്‍ക്കൊപ്പമാകും സിനിമ ചെയ്യുന്നത് എന്നതാണ് പ്രധാന ചര്‍ച്ച. കളങ്കാവലിന്റെ പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്ത മറ്റ് സംവിധായകര്‍ ആരെല്ലാമാണെന്ന് പലരും വീണ്ടും ഓര്‍ക്കുകയാണ്.
നടനും സംവിധായകനുമായ ബേസില്‍ ജോസഫിനൊപ്പം മമ്മൂട്ടി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയത്തില്‍ താത്കാലികമായി ബ്രേക്ക് എടുത്ത് സംവിധാനത്തില്‍ ശ്രദ്ധ നല്‍കാന്‍ പോകുന്നു എന്ന് ബേസില്‍ അടുത്തിടെ പറഞ്ഞിരുന്നു. എല്ലാം കൂട്ടി വായിക്കുമ്പോള്‍ മമ്മൂട്ടി- ബേസില്‍ ജോസഫ് പ്രൊജക്ട് അവസാനഘട്ട ചര്‍ച്ചയിലാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കളങ്കാവല്‍ പ്രീ റിലീസ് ഇവന്റില്‍ ബേസില്‍ ജോസഫ് Photo: Screen grab/ Mammootty Kampany
ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഈ പ്രൊജക്ട് ആരംഭിക്കുകയുള്ളൂവെന്നും റൂമറുകളുണ്ട്. മമ്മൂട്ടിയും ഈ വര്‍ഷം ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുമായി കളം നിറയാനുള്ള പ്ലാനിലാണ്. രഞ്ജിത് സിനിമയുടെ ഷൂട്ടിന് ശേഷം താരം നിലവില്‍ ചെന്നൈയിലാണ്. ഈ മാസം പകുതിയോടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലേക്ക് കടക്കും.
ഇതിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാകും മമ്മൂട്ടി ചെയ്യുക. പാട്രിയറ്റിന് ശേഷം ചെയ്യാനിരുന്ന പ്രൊജക്ട് മമ്മൂട്ടിയുടെ അസുഖം കാരണം വൈകുകയായിരുന്നു. തിരുവനന്തപുരം- നാഗര്‍കോവില്‍ ബോര്‍ഡറില്‍ നടക്കുന്ന കോമഡി ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രൊജക്ടിന് ശേഷമാകും ഖാലിദ് റഹ്‌മാനുമായി മമ്മൂട്ടി കൈകോര്‍ക്കുക.
Content Highlight: Rumors that Mammootty joining hands with Basil Joseph after Khalid Rahman project