| Wednesday, 4th June 2025, 11:56 am

ബിലാല്‍ വരുമ്പോള്‍ വരട്ടെ, അതിന് മുന്നേ ഒന്നൊന്നര പടവുമായി മമ്മൂട്ടി, ഹിറ്റ്‌മേക്കര്‍ക്കൊപ്പം മൂന്നാം വട്ടവും കൈകോര്‍ക്കുന്നു?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബസൂക്കക്ക് ശേഷം പുതിയ സിനിമകളുടെ യാതൊരു അപ്‌ഡേറ്റുമില്ലാത്തതിനാല്‍ മമ്മൂട്ടിയുടെ ആരാധകര്‍ ചെറുതായി നിരാശയിലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചെറിയൊരു ഇടവേളയെടുത്ത താരം ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കുകയോ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലായിരുന്നു. താരത്തിന്റെ ഇടവേള വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മാറി, തിരിച്ചുവരവിന്റെ പാതയിലാണ് താരമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇടവേളക്ക് മുമ്പ് തുടങ്ങിയ മഹേഷ് നാരായണന്റെ സിനിമയില്‍ അടുത്ത മാസം മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബിലാല്‍ അടുത്തിടെയൊന്നും സംഭവിക്കില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. അതിന് പകരം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് സമ്മാനിച്ച സംവിധായകനായ അന്‍വര്‍ റഷീദുമായി താരം കൈകോര്‍ക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്.

2020ല്‍ ഫഹദ് ഫാസില്‍ നായകനായെത്തിയ ട്രാന്‍സ് ആണ് അന്‍വര്‍ റഷീദ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം മികച്ചതായിരുന്നിട്ട് കൂടി ഓരോ സിനിമകള്‍ക്കിടയിലും വലിയ ഇടവേളയാണ് അന്‍വര്‍ റഷീദ് എടുക്കുന്നത്. മമ്മൂട്ടിയുമായുള്ള ചിത്രം നിര്‍മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണെന്നും കേള്‍ക്കുന്നുണ്ട്.

ഫാലിമിയുടെ സംവിധായകന്‍ നിതീഷ് സഹദേവുമൊത്ത് കൈകോര്‍ക്കുന്ന പ്രൊജക്ടും മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്. താരത്തിന്റെ ഇടവേള കാരണം നിതീഷ് തന്റെ അടുത്ത ചിത്രത്തിലേക്ക് അടുത്തിടെ കടന്നിരുന്നു. ഇതിന് ശേഷമാകും മമ്മൂട്ടി- നിതീഷ് സഹദേവ് പ്രൊജക്ടിന്റെ വര്‍ക്കുകള്‍ ആരംഭിക്കുക. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം ചിത്രീകരണം അവസാനിച്ച കളങ്കാവലാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വില്ലന്‍. ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്ന് കരുതുന്ന ചിത്രം മമ്മൂട്ടിക്കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Rumors that Mammootty joining hands with Anwar Rasheed for third time

We use cookies to give you the best possible experience. Learn more