| Wednesday, 16th April 2025, 5:27 pm

പുതിയ സംവിധായകരെ വിടാന്‍ ഉദ്ദേശമില്ലാതെ മമ്മൂട്ടി, ഇത്തവണ ദേശീയ അവാര്‍ഡ് കിട്ടിയ സിനിമയുടെ സംവിധായകനൊപ്പം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന നടന്‍. അരനൂറ്റാണ്ടിലധികമായി മലയാളികളെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങളില്ല. കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരത്തിന് കിട്ടാത്ത അവാര്‍ഡുകളില്ല. കരിയറിന്റെ പുതിയ ഘട്ടത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിപ്പിടിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടന്‍.

പുതിയ സംവിധായകരോടൊപ്പം മികച്ച സിനിമകള്‍ ചെയ്യുന്ന മമ്മൂട്ടിയെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജിയോ ബേബി, രാഹുല്‍ സദാശിവന്‍, നിസാം ബഷീര്‍ തുടങ്ങി കഴിവ് തെളിയിച്ചവരോടൊപ്പവും റോബി വര്‍ഗീസ് രാജ്, ജിതിന്‍ കെ. ജോസ് തുടങ്ങിയ പുതുമുഖങ്ങളോടൊപ്പവും മമ്മൂട്ടി കൈകോര്‍ക്കുമ്പോള്‍ മികച്ച സിനിമകളാണ് പിറക്കുന്നത്.

ഇപ്പോഴിതാ ആട്ടത്തിന്റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ആട്ടത്തിന്റെ സംവിധായകനാണ് ആനന്ദ് ഏകര്‍ഷി. 2024ലെ മികച്ച മലയാളസിനിമകൡലൊന്നായിരുന്നു ആട്ടം.

ഡിവോഴ്‌സായ ഡോക്ടര്‍ ദമ്പതികളുടെ കഥയും ഒരു ഫിസിക്‌സ് പ്രൊഫസറുടെ കഥയും മമ്മൂട്ടിക്കായി ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞവര്‍ഷം നടന്ന റൗണ്ട് ടേബിളില്‍ ആനന്ദ് ഏകര്‍ഷി പറഞ്ഞിരുന്നു. ഇതില്‍ ഏത് കഥയാണ് ഫൈനലൈസ് ചെയ്തതെന്ന് അറിയില്ല. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലാണ് മമ്മൂട്ടിയുടെ അടുത്ത തിയേറ്റര്‍ റിലീസ്. വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപെടുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. മെയ് 22ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും 10 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഇവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ട്. 2026ലാകും ചിത്രത്തിന്റെ റിലീസ്. ഫാലിമിക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈനറും മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്.

Content Highlight: Rumors that Mammootty joining hands with Anand Ekarshi

We use cookies to give you the best possible experience. Learn more