മമിത വേണ്ട, പുതിയ സിനിമയില്‍ നായികയെ മാറ്റാന്‍ നിര്‍ദേശിച്ച് ധനുഷ്, സംവിധായകന്റെ ഭാഗ്യനായിക വീണ്ടും ആവര്‍ത്തിക്കുമോ?
Indian Cinema
മമിത വേണ്ട, പുതിയ സിനിമയില്‍ നായികയെ മാറ്റാന്‍ നിര്‍ദേശിച്ച് ധനുഷ്, സംവിധായകന്റെ ഭാഗ്യനായിക വീണ്ടും ആവര്‍ത്തിക്കുമോ?
അമര്‍നാഥ് എം.
Wednesday, 15th July 2026, 10:40 pm

വിജയ് ഒഴിച്ചിട്ട സിംഹാസനം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് തമിഴിലെ മറ്റ് താരങ്ങള്‍. സ്റ്റാര്‍ഡം കൊണ്ട് മാത്രം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് പ്രേക്ഷകര്‍ തെളിയിച്ചപ്പോള്‍ മികച്ച കണ്ടന്റുകളെ തെരഞ്ഞെടുക്കാനാണ് പലരും ശ്രമിക്കുന്നത്. ടൈര്‍ 2ല്‍ നിന്ന് ടോപ് ലീഗിലേക്ക് കയറുമെന്ന് ഉറപ്പുള്ള താരങ്ങളിലൊരാളായിരുന്നു ധനുഷ്.

എന്നാല്‍ കൊമേഷ്‌സ്യല്‍ സിനിമകള്‍ ചെയ്യാനുള്ള അവസരം ഒഴിവാക്കി പരീക്ഷണ സിനിമകളിലേക്കും സംവിധാനത്തില്‍ ശ്രദ്ധ നല്‍കിയതും ബോക്‌സ് ഓഫീസില്‍ ധനുഷിന് മങ്ങലേല്പിച്ചു. സമീപകാലത്ത് ചെയ്ത പല സിനിമകളും ധനുഷ് എന്ന താരത്തിന് യാതൊരു ഗുണവും ചെയ്യാത്തവയായിരുന്നു. ഇപ്പോള്‍ താരം തന്റെ ട്രാക്ക് മാറ്റുകയാണ്.

അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിക്കൊപ്പമുള്ള ഓം അവസാനഘട്ട ഷൂട്ടിലാണ്. ഓമിന് ശേഷം തമിഴരസന്‍ പച്ചമുത്തുവുമായിട്ടാകും താരം കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024ലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ലബ്ബര്‍ പന്ത് അണിയിച്ചൊരുക്കിയ സംവിധായകനാണ് തമിഴരസന്‍ പച്ചമുത്തു. D56 എന്ന് താത്കാലികമായി ടൈറ്റിലിട്ട ചിത്രമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.

ചിത്രത്തില്‍ നായികയായി മമിത ബൈജുവായിരിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മമിതയെ ഈ പ്രൊജക്ടില്‍ നിന്ന് മാറ്റിയേക്കുമെന്ന് പറയപ്പെടുന്നു. മമിതയെ മാറ്റാന്‍ ധനുഷ് നിര്‍ദേശിച്ചെന്നും പകരം സഞ്ജന കൃഷ്ണമൂര്‍ത്തിയെ കാസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലബ്ബര്‍ പന്ത് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സഞ്ജന കൃഷ്ണമൂര്‍ത്തി. പിന്നാലെ കമല്‍ ഹാസന്‍- മണിരത്‌നം കോമ്പോയിലൊരുങ്ങിയ തഗ് ലൈഫിലും സഞ്ജന ഭാഗമായിരുന്നു. ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായ പരിമള ആന്‍ഡ് കോയിലും സഞ്ജന ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മധുമിത എന്ന കഥാപാത്രത്തെയായിരുന്നു സഞ്ജന അവതരിപ്പിച്ചത്.

ധനുഷിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ കരയില്‍ മമിതയായിരുന്നു നായിക. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. D56ല്‍ മമിതക്ക് പകരം സഞ്ജനയായിരിക്കുമെന്നാണ് വലൈപ്പേച്ച് എന്ന യൂട്യൂബ് ചാനല്‍ പങ്കുവെച്ച വിവരം. പ്രീതി മുകുന്ദനെയും ഈ പ്രൊജക്ടിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Rumors that Mamitha will replaced by Sanjana Krishnamoorthy in Dhanush’s next movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം