മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗ്രാന്‍ഡാകും, നിവിന് പിന്നാലെ ദുല്‍ഖറുമായി കൈകോര്‍ക്കാന്‍ മമിത, ഇത്തവണ ഹൊറര്‍ ഴോണര്‍
Malayalam Cinema
മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗ്രാന്‍ഡാകും, നിവിന് പിന്നാലെ ദുല്‍ഖറുമായി കൈകോര്‍ക്കാന്‍ മമിത, ഇത്തവണ ഹൊറര്‍ ഴോണര്‍
അമര്‍നാഥ് എം.
Sunday, 19th April 2026, 3:51 pm

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മമിത ബൈജു. പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായി മാറാന്‍ മമിതക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം ശ്രദ്ധ നേടി. ഒന്നിന് പിന്നാലെ ഒന്നായി വമ്പന്‍ പ്രൊജക്ടുകളിലാണ് മമിത ഭാഗമാകുന്നത്. മലയാളത്തിലും മികച്ച പ്രൊജക്ടുകള്‍ മമിതയുടെ ലൈനപ്പിലുണ്ട്.

നിലവില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ തിരക്കിലാണ് മമിത ബൈജു. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രം വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷ. പ്രേമലുവിന് ശേഷം മമിത- ഗിരീഷ് കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇപ്പോഴിതാ നിവിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനൊപ്പവും മമിത കൈകോര്‍ക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ തിരക്കഥയൊരുക്കിയ ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായേക്കുമെന്ന് അടുത്തിടെ സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഐ ആം ഗെയിം, സൗബിന്‍ ഷാഹിറിനൊപ്പമുള്ള പ്രൊജക്ട് എന്നിവക്ക് ശേഷമാകും ദുല്‍ഖര്‍ ഡിനോയ്‌യുമായി കൈകോര്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രത്തില്‍ നായികയായി മമിതയെ  കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതാദ്യമായാണ് മമിത ദുല്‍ഖറിനൊപ്പം ഒന്നിക്കുന്നത്. ഹൊറര്‍ ഴോണറിലാകും ഈ ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ട് മുന്‍നിരയില്‍ സ്ഥാനം പിടിക്കുമെന്നാണ് മമിതയുടെ ലൈനപ്പുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത വര്‍ഷമാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുക. ദുല്‍ഖറിന്റെയും മമിതയുടെയും കരിയറിലെ ആദ്യത്തെ ഹൊറര്‍ ചിത്രമാകും ഇത്. പ്രേമലുവിന് ശേഷം തമിഴില്‍ ശ്രദ്ധ നല്‍കിയ മമിത വമ്പന്‍ സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിജയ് നായകനായ ജന നായകനായിരുന്നു ഇതില്‍ ആദ്യത്തേത്.

പിന്നാലെ സൂര്യയുമൊത്തുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, ധനുഷ് നായകനായ കര, വിഷ്ണു വിശാലിനൊപ്പമുള്ള ഇരണ്ട് വാനം എന്നീ ചിത്രങ്ങളാണ് ലൈനപ്പിലുള്ളത്. തമിഴില്‍ മമിത നായികയായെത്തിയ ഡ്യൂഡ് 100 കോടിയോളം കളക്ഷന്‍ നേടിയിരുന്നു. സൗത്ത് ഇന്ത്യയിലെ അടുത്ത സെന്‍സേഷനായി മമിത മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Rumors that Mamitha Baiju going to do a film with Dulquer Salmaan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം