ബോക്സ് ഓഫീസിന്റെ ആണിവേരറുക്കുന്ന തരത്തിലുള്ള കുതിപ്പാണ് ജയിലര് 2 നടത്തുന്നത്. മൂന്ന് വര്ഷത്തിന് ശേഷം ടൈഗര് മുത്തുവേല് പാണ്ഡ്യനായി രജിനി തിരിച്ചെത്തിയത് ആരാധകര് ആഘോഷമാക്കി മാറ്റി. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില് 300 കോടിക്ക് മുകളില് ചിത്രം സ്വന്തമാക്കി. അടുത്ത ഇന്ഡസ്ട്രി ഹിറ്റായി ജയിലര് 2 മാറുമെന്നാണ് കണക്കുകൂട്ടല്.
വമ്പന് ഹിറ്റിലേക്ക് കുതിക്കുമ്പോഴും ചിത്രത്തില് ചില നെഗറ്റീവുകളുണ്ടെന്ന് സിനിമാപേജുകള് ചൂണ്ടിക്കാണിക്കുന്നു. ക്ലൈമാക്സില് മോഹന്ലാലടക്കമുള്ള ആര്ട്ടിസ്റ്റുകളെ പ്രസന്റ് ചെയ്ത രീതിയും ഈ സീനിലെ വി.എഫ്.എക്സും മോശമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഈ രംഗത്തിന് പിന്നിലുള്ള കഥകള് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്.

ചിത്രത്തില് നിന്ന് ഒരുപാട് സീനുകള് നീക്കം ചെയ്തെന്നും ക്ലൈമാക്സടക്കം പല ഭാഗങ്ങളും റീഷൂട്ട് ചെയ്യേണ്ടി വന്നെന്നും റിലീസിന് മുമ്പ് റൂമറുകളുണ്ടായിരുന്നു. അത്തരത്തിലൊന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയെ ഇന്ഡയറക്ടായി പരിഹസിക്കുന്ന രംഗങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്. സണ് പിക്ചേഴ്സിനെ നിയന്ത്രിക്കുന്ന ഡി.എം.കെ വിജയ്യുടെ രാഷ്ട്രീയ എതിരാളിയായതിനാല് ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം പരിഹാസങ്ങള് ജയിലര് 2ലുണ്ടായേക്കുമെന്ന് ചിലര് പ്രവചിച്ചു.
റിലീസിന് മുമ്പ് തെരഞ്ഞെടുപ്പില് വിജയ് വിജയിച്ച് മുഖ്യമന്ത്രിയായതോടെ പ്രധാന ഭാഗങ്ങള് റീഷൂട്ട് ചെയ്യേണ്ടി വന്നെന്ന് റൂമറുകളുണ്ടായിരുന്നു. ചിത്രത്തിലെ സീനുകള് കാണുമ്പോള് ഇത് ശരിയാണെന്ന് തോന്നുന്നെന്നും ചില സിനിമാപേജുകള് റിപ്പോര്ട്ട് ചെയ്യുന്നു. ആദ്യഭാഗത്തില് കോമഡിക്ക് വേണ്ടി കൊണ്ടുവന്ന ബ്ലാസ്റ്റ് മോഹന് എന്ന കഥാപാത്രത്തെ വിജയ്യെ പരിഹസിക്കാനായി ഇത്തവണ കൊണ്ടുവന്നിട്ടുണ്ടായിരുന്നെന്ന് റിപ്പോര്ട്ടില് പറയുന്നു.

ആദ്യഭാഗത്തില് വെറും കോമഡിക്കായി കൊണ്ടുവന്ന ബ്ലാസ്റ്റ് മോഹന് രണ്ടാം ഭാഗത്തിലും കുറച്ച് സീനുകളുണ്ടായിരുന്നു. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന മോഹന് തെരഞ്ഞെടുപ്പില് തോല്ക്കുകയും സിനിമ പോലുമില്ലാത്ത അവസ്ഥയിലാവുകയും ചെയ്യുന്നതായി കാണിക്കാനാണ് അണിയറപ്രവര്ത്തകര് പദ്ധതിയിട്ടത്. സിനിമയില് രണ്ടുമൂന്നിടത്ത് ഈ ഡയലോഗ് വെച്ചിരുന്നെന്നും പിന്നീട് നീക്കം ചെയ്യേണ്ടി വന്നെന്നും ചില സിനിമാപേജുകള് റിപ്പോര്ട്ട് ചെയ്യുന്നു.

ക്ലൈമാക്സില് രജിനിയുടെ കഥാപാത്രം വില്ലനോട് ‘കഴിഞ്ഞ 50 വര്ഷമായി പലരും പല തരത്തില് എന്നെ ഇല്ലാതാക്കാന് നോക്കി’ എന്ന ഡയലോഗിന് ശേഷമുള്ള ഭാഗം കട്ട് ചെയ്തെന്ന് കൃത്യമായി മനസിലാകുന്നുണ്ട്. വിജയ്യെ ഉദ്ദേശിച്ചുള്ള ഡയലോഗാകും ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഈ സീന് വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നപ്പോള് സി.ജി.ഐയും മോഹന്ലാല് അടക്കമുള്ള ആര്ട്ടിസ്റ്റുകളുടെ ഡേറ്റും പ്രശ്നമായി വന്നെന്നുമാണ് റൂമറുകള്. എന്നാല് ചിത്രത്തിന്റെ വിജയത്തെ ഈ സീനുകള് ബാധിച്ചില്ലെന്ന് സംശയമില്ലാതെ പറയാനാകും.
Content Highlight: Rumors that makers removed many scenes that mocking Vijay from Jailer 2 movie
