| Tuesday, 1st April 2025, 2:50 pm

ലൂസിഫര്‍, എമ്പുരാന്‍... മൂന്നാം ഭാഗത്തിന്റെ ടൈറ്റില്‍ എന്താകുമെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങളൊന്നും ബോക്‌സ് ഓഫീസ് പ്രകടനത്തെ തെല്ലും ബാധിക്കുന്നില്ല എന്നത് അത്ഭുതമായാണ് പലരും കാണുന്നത്. പല സിനിമകളും നേടിയ റെക്കോഡുകള്‍ അഞ്ച് ദിവസം കൊണ്ട് എമ്പുരാന്‍ തകര്‍ത്തിരിക്കുകയാണ്. 200 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

മൂന്ന് ഭാഗങ്ങളായി പുറത്തിറക്കുമെന്ന് പറഞ്ഞ ഫ്രാഞ്ചൈസിയാണ് ലൂസിഫറിന്റേത്. എമ്പുരാന്‍ അവസാനിക്കുന്നത് മൂന്നാം ഭാഗത്തിനുള്ള ശക്തമായ ലീഡുമായാണ്. മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കുമെന്ന് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മലാഖയായ ലൂസിഫറിന്റെ പേരാണ് ആദ്യഭാഗത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്.

രണ്ടാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ എല്ലാത്തിന്റെയും മേലധികാരി (Overlord) എന്ന് അര്‍ത്ഥം വരുന്ന എമ്പുരാന്‍ എന്ന പേരും സിനിമക്ക് നല്‍കി. നായക കഥാപാത്രം എത്രമാത്രം ശക്തമാണെന്ന് ഓരോ സീനിലും വ്യക്തമാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന സാധാരണക്കാരന്‍ എങ്ങനെ ഖുറേഷി അബ്രാം എന്ന ശക്തനായ അണ്ടര്‍വേള്‍ഡ് നെക്‌സസ് തലവനായി എന്ന് മൂന്നാം ഭാഗത്തിലൂടെ വ്യക്തമാക്കും.

സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ ഇനി പാപങ്ങളുടെ വിളവെടുക്കുന്ന ചെകുത്താനായി മാറുകയാണെന്ന് സിനിമയുടെ ഒരു ഘട്ടത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നുണ്ട്. ക്രിസ്ത്യന്‍ പുരാണങ്ങളനുസരിച്ച് മരണത്തിന്റെ മാലാഖ എന്നര്‍ത്ഥം വരുന്ന ‘അസ്രയേല്‍’ എന്നാകും മൂന്നാം ഭാഗത്തിന്റെ ടൈറ്റില്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.

ആദ്യഭാഗത്തിന്റെ എന്‍ഡ് ക്രെഡിറ്റില്‍ ഉഷ ഉതുപ്പ് പാടിയ ‘എമ്പുരാനേ’ എന്ന ഗാനം രണ്ടാം ഭാഗത്തിനുള്ള സൂചനയായിരുന്നു. എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റില്‍ ‘അസ്രയേല്‍’ എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ ദുബായില്‍ വെച്ച് നടക്കുന്ന സക്‌സസ് മീറ്റില്‍ മൂന്നാം ഭാഗത്തിന്റെ ടൈറ്റില്‍ ഔദ്യേഗികമായി അനൗണ്‍സ് ചെയ്യുമെന്നാണ് കരുതുന്നത്.

റീ എഡിറ്റഡ് വേര്‍ഷന്‍ എത്തുന്നതിന് മുമ്പ് ചിത്രം കാണാന്‍ വന്‍ തിരക്കാണ് നടക്കുന്നത്. പ്രവൃത്തിദിനങ്ങളില്‍ പോലും പല തിയേറ്ററുകളിലും അര്‍ധരാത്രിയില്‍ ഷോസ് ചാര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 50 കോടി നേടിക്കഴിഞ്ഞു. വിഷു റിലീസായി വമ്പന്‍ ചിത്രങ്ങള്‍ എത്തുന്നതിന് മുമ്പ് എമ്പുരാന്‍ കേരളത്തില്‍ നിന്ന് 100 കോടി നേടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

Content Highlight: Rumors that Lucifer Part 3 will title as Azrael

Latest Stories

We use cookies to give you the best possible experience. Learn more