| Wednesday, 12th March 2025, 4:32 pm

എല്‍.സി.യു ഷോര്‍ട് ഫിലിമോ അതോ കൂലിയുടെ ടീസറോ, പിറന്നാളിന് ലോകേഷിന്റൈ ട്രീറ്റ് എന്താകുമെന്ന് ആലോചിച്ച് സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും നാല് സിനിമകള്‍ കൊണ്ട് തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായി മാറിയ ആളാണ് ലോകേഷ് കനകരാജ്. 2017ല്‍ പുറത്തിറങ്ങിയ മാനഗരമാണ് ലോകേഷിന്റെ ആദ്യ ചിത്രം. പിന്നീട് കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ലോകേഷിന് സാധിച്ചു. 2022ല്‍ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിലൂടെ തമിഴില്‍ ഒരു സിനിമാറ്റിക് യൂണിവേഴ്‌സും ലോകേഷ് നിര്‍മിച്ചു.

തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റൊരുക്കി തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറിയിരിക്കുകയാണ് ലോകേഷ്. രജിനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനമയിലെ പല മുന്‍നിര താരങ്ങളും കൂലിയില്‍ വേഷമിടുന്നുണ്ട്.

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന അക്കിനേനി, കന്നഡ താരം ഉപേന്ദ്ര, സത്യരാജ്, മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബോളിവുഡ് താരം ആമിര്‍ ഖാനും കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് റൂമറുകളുണ്ട്. രജിനികാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ ടീസര്‍ റിലീസുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഇപ്പോഴിതാ, ലോകേഷിന്റെ പിറന്നാള്‍ ദിനത്തില്‍ കൂലിയുടെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 14നാണ് ലോകേഷിന്റെ ജന്മദിനം. എന്നാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന എല്‍.സി.യുവിന്റെ ഒറിജിന്റെ കഥ പറയുന്ന ഷോര്‍ട് ഫിലിമും ഇതേദിവസം പുറത്തിറങ്ങുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ട്. ചാപ്റ്റര്‍ സീറോ/ പിള്ളൈയാര്‍ സുഴി എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട് ഫിലിം കൈതിയുടെ കഥ നടക്കുന്ന ദിവസത്തെ കാര്യങ്ങളാണ് കാണിക്കുന്നത്.

കൈതിയിലെ താരങ്ങളായ അര്‍ജുന്‍ ദാസ്, നരേന്‍, ഹരീഷ് ഉത്തമന്‍ വിക്രത്തില്‍ നിന്ന് കാളിദാസ് ജയറാം, ജാഫര്‍ സാദിഖ് എന്നിവര്‍ ഷോര്‍ട് ഫിലിമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം നിര്‍മിക്കുന്നത് ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ് പ്രൊഡക്ഷന്‍ ഹൗസാണ്.

കൂലിയുടെ റിലീസിന് ശേഷം എല്‍.സി.യുവിലെ അടുത്ത ചിത്രമായ കൈതി 2വിലേക്ക് കടക്കുമെന്നാണ് ലോകേഷ് അറിയിച്ചത്. എല്‍.സി.യുവിലെ താരങ്ങളെയെല്ലാം കൈതി 2വില്‍ കാണാന്‍ സാധിക്കുമെന്ന് ലോകേഷ് അറിയിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍, കാര്‍ത്തി, സൂര്യ എന്നിവര്‍ ഒരു ഫ്രെയിമിലെത്തുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്‌യുടെ സാന്നിധ്യം കൈതി 2വില്‍ ഉണ്ടാകുമോ എന്നറിയാനാണ് പലരും കാത്തിരിക്കുന്നത്.

Content Highlight: Rumors that LCU short film or Coolie teaser will be release on Lokesh Kanagaraj’s birthday

We use cookies to give you the best possible experience. Learn more