| Tuesday, 20th May 2025, 8:41 am

പ്രേക്ഷകര്‍ തന്റെ മേലെ വെച്ച വിശ്വാസം കളയില്ലെന്ന് ചുമ്മാ പറഞ്ഞതല്ല, ഓസ്‌ലറിന് പിന്നാലെ ഇന്‍ഡസ്ട്രി ഹിറ്റ് ഒരുക്കിയ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ജയറാം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനാണ് ജയറാം. പദ്മരാജന്റെ അപരനിലൂടെ സിനിമാജീവിതം ആരംഭിച്ച ജയറാം വളരെ വേഗത്തില്‍ മലയാളത്തിലെ നിറസാന്നിധ്യമായി. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ ജയറാം അന്യഭാഷയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ജയറാം കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഓസ്‌ലര്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 40 കോടിയോളം സ്വന്തമാക്കി. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തെ വ്യത്യസ്തമാക്കിയിരുന്നു. സമ്മിശ്ര പ്രതികരണം കൊണ്ടാണ് ഓസ്‌ലര്‍ ബോക്‌സ് ഓഫീസില്‍ ഇത്രയും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചത്.

ഓസ്‌ലറിന്റെ വിജയത്തിന് പിന്നാലെ പ്രേക്ഷകര്‍ തന്റെ മേലെ വിശ്വാസം കളയില്ലെന്നും ഓരോ സിനിമയും സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുമെന്നും ജയറാം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മലയാളത്തില്‍ സിനിമകള്‍ ചെയ്യാതെ അന്യഭാഷകളില്‍ വീണ്ടും ജയറാം ഭാഗമാവുകയായിരുന്നു. മികച്ച സ്‌ക്രിപ്റ്റുകള്‍ വരാത്തതുകൊണ്ടാണ് ജയറാം മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ മലയാളത്തില്‍ ജയറാം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റൊരുക്കിയ ജൂഡ് ആന്തണി ജോസഫിനൊപ്പമാണ് ജയറാമിന്റെ അടുത്ത ചിത്രമെന്നാണ് റൂമറുകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മലയാളത്തിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ ശ്രീ ഗോകുലം മൂവീസാകും ചിത്രം നിര്‍മിക്കുന്നതെന്നും പറയപ്പെടുന്നു. 2018ന് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളുണ്ടായിരുന്നു. തമിഴ് താരം സിലമ്പരസനെ നായകനാക്കിയുള്ള ചിത്രമായിരിക്കുമെന്ന് റൂമറുകളുണ്ടായിരുന്നെന്നും അതെല്ലാം ഇരുവരും തള്ളിക്കളഞ്ഞു. മലയാളത്തിലെ പുതിയ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കുന്ന ജയറാമിനെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഇതിന് പുറമെ ഗിരീഷ് എ.ഡിയുടെയും ദിലീഷ് പോത്തന്റെയും അടുത്ത ചിത്രങ്ങളില്‍ ജയറാമാണ് നായകനെന്നും കേള്‍ക്കുന്നുണ്ട്. പ്രേമലു 2വിന് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും ജയറാം നായകനാകുന്നത്. അതോടൊപ്പം ദിലീഷ് പോത്തന്റെ അടുത്ത സംവിധാന സംരംഭത്തിലും ജയറാം നായകനാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഓസ്‌ലറിന്റെ ലൊക്കേഷനില്‍ വെച്ചാണ് ദിലീഷ് ജയറാമിനോട് കഥ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Jayaram’s next movie with Jude Anthony Joseph and produced by Gokulam Gopalan

We use cookies to give you the best possible experience. Learn more