| Sunday, 4th May 2025, 10:46 pm

പൃഥ്വിരാജിന് പിന്നാലെ മുരളി ഗോപിയുടെ തിരക്കഥയില്‍ ഇന്ദ്രജിത്തും സംവിധാനരംഗത്തേക്ക്? നായകാനാരായിരിക്കുമെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ഇന്ദ്രജിത്. ബാലതാരമായാണ് ഇന്ദ്രജിത് സിനിമാലോകത്തേക്ക് കടന്നുവന്നത്. പടയണി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ഇന്ദ്രജിത് പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശമാധവന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായകനായും സഹനടനായും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഇന്ദ്രജിത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഇന്ദ്രജിത് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധാനരംഗത്തും ഇന്ദ്രജിത് തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ദ്രജിത്തിന്റെ സഹോദരനും നടനുമായ പൃഥ്വിരാജ് സംവിധാനരംഗത്ത് തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് പൃഥ്വി തന്റെ മൂന്ന് ചിത്രങ്ങളും ഒരുക്കിയത്.

അനിയനെപ്പോലെ തന്റെ ആദ്യ സംവിധാന സംരംഭവും മോഹന്‍ലാലിനെ നായകനാക്കിയായിരിക്കുമെന്നാണ് റൂമറുകള്‍. റൂറല്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാകും ചിത്രം ഒരുങ്ങുകയെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ചിത്രത്തിലെ നായകനായി മോഹന്‍ലാലിന് പുറമെ മറ്റ് നടന്മാരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ പേരാണ് മറ്റൊന്ന്. എന്നാല്‍ നിലവിലെ തിരക്കുകള്‍ കാരണ പൃഥ്വി ഈ പ്രൊജക്ടിന്റെ ഭാഗമായേക്കില്ലെന്നും കേള്‍ക്കുന്നുണ്ട്. ആസിഫ് അലി, ബിജു മേനോന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ തന്നെ നായകനാകുമെന്നാണ് ഏറെക്കുറെ പലരും ഉറപ്പാക്കിയിരിക്കുന്നത്.

മുരളി ഗോപിയാകും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുകയെന്നും കേള്‍ക്കുന്നുണ്ട്. എമ്പുരാന്റെ മൂന്നാം ഭാഗത്തിന് മുമ്പ് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് മുരളിഗോപി പൂര്‍ത്തിയാക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മോഹന്‍ലാല്‍ നായകാനായെത്തുന്നുണ്ടെങ്കില്‍ ഈ മാസം തന്നെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഉണ്ടായേക്കുമെന്ന് കരുതുന്നു.

നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. ഇതിന് പിന്നാലെ മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലും മോഹന്‍ലാല്‍ ഭാഗമാകും. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Rumors that Indrajith going to do his directorial debut starring Mohanlal

Latest Stories

We use cookies to give you the best possible experience. Learn more