| Wednesday, 11th June 2025, 12:29 pm

പ്രേമലു 2 ഉടനെയില്ല, മലയാളത്തിലെ എന്റര്‍ടൈനറുമായി കൈകോര്‍ക്കാന്‍ ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്തെ ആവേശത്തിലാക്കിയ അനൗണ്‍സ്‌മെന്റായിരുന്നു പ്രേമലു 2വിന്റേത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു പ്രേമലുവിന്റേത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നസ്‌ലെന്‍ നായകനായെത്തിയ ചിത്രം ഭാഷാതിര്‍ത്തികള്‍ കടന്ന് വിജയമായി മാറി. രാജമൗലി വരെ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

പ്രേമലുവിന്റെ വിജയാഘോഷവേളയിലായിരുന്നു രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തത്. ആദ്യഭാഗത്തെക്കാള്‍ വലിയ സ്‌കെയിലിലാണ് രണ്ടാം ഭാഗമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം നടന്ന് ഒന്നര മാസമായിട്ടും ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റ് പോലും പുറത്ത് വന്നിരുന്നില്ല. ചിത്രം താത്കാലികമായി ഉപേക്ഷിച്ചെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രേമലു 2വിന് മുമ്പ് ഗിരീഷ് എ.ഡിയുടെ മറ്റൊരു പ്രൊജക്ട് ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്നുണ്ടെന്നും അതിന്റെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ദിലീഷ് പോത്തന്‍ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്.

യുവനടന്മാരില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയാകും ചിത്രത്തിലെ നായകനെന്ന് കേള്‍ക്കുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റുകളില്ലാത്ത നിവിന്റെ വമ്പന്‍ തിരിച്ചുവരവാകും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യുവാക്കളുടെ പള്‍സറിഞ്ഞ് സിനിമ ചെയ്യാന്‍ ഗിരീഷ എ.ഡിക്കുള്ള കഴിവാണ് എല്ലാവരുടെയും പ്രതീക്ഷക്ക് പിന്നില്‍.

എന്നാല്‍ ഇതിനിടയില്‍ ഗിരീഷ് എ.ഡിയുടെ അടുത്ത ചിത്രത്തില്‍ ജയറാം നായകനായെത്തുന്നു എന്ന് കേട്ടിരുന്നു. ഓസ്‌ലറിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ സിനിമകളൊന്നും ചെയ്യാതിരുന്ന ജയറാം ഈ വര്‍ഷം രണ്ട് മലയാളചിത്രങ്ങളുടെ ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചിരുന്നു. അതിലൊന്ന് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണെന്നും റൂമറുകളുണ്ട്.

അതേസമയം പ്രേമലുവിന് പിന്നാലെ ഭാവന സ്റ്റുഡിയോസ് അനൗണ്‍സ് ചെയ്ത കരാട്ടേ ചന്ദ്രന്റെ അപ്‌ഡേറ്റുകളൊന്നും വരാത്തതും ചര്‍ച്ചയാകുന്നുണ്ട്. ദിലീഷ് പോത്തന്റെ അസിസ്റ്റന്റ് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനെയാണ് നായകനായി അനൗണ്‍സ് ചെയ്തത്. ഗോകുല്‍ സുരേഷ് വില്ലനായി എത്തുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും ഇതുവരെ വന്നിട്ടില്ല.

Content Highlight: Rumors that Girish AD’s next project with Nivin Pauly bankrolled by Bhavana Studios

We use cookies to give you the best possible experience. Learn more