| Tuesday, 11th March 2025, 7:39 am

ഉണ്ടായ നഷ്ടങ്ങളെല്ലാം എമ്പുരാനിലൂടെ തീര്‍ക്കാന്‍ ഉദ്ദേശിച്ച് ലൈക്ക, ഫാന്‍സ് ഷോയുടെ കാര്യത്തില്‍ പോലും കണ്‍ഫ്യൂഷനായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗ്രാന്‍ഡ് മേക്കിങ്ങാണ് എമ്പുരാന്റേതെന്ന് ഓരോ അപ്‌ഡേറ്റിലും വ്യക്തമായിരുന്നു. മലയാളത്തില്‍ ആദ്യമായി ക്യാരക്ടര്‍ റിവീലിങ് വീഡിയോ ക്യാമ്പയിനിലൂടെ പ്രൊമോഷന്‍ നടത്തിയതും എമ്പുരാനാണ്.

ചിത്രം റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഹന്‍ലാല്‍ ആരാധകര്‍ നിരാശയിലാണ്. റിലീസിന് രണ്ട് മാസം മുമ്പ് തുടങ്ങിയ പ്രൊമോഷന്‍ വര്‍ക്കുകള്‍ റിലീസടുത്തപ്പോള്‍ നിര്‍ജീവ അവസ്ഥയിലാണ്. പാന്‍ ഇന്ത്യന്‍ റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ ഓഫ് ലൈന്‍ പ്രൊമോഷനുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്ന ആദ്യത്തെ കാര്യം.

എന്നാല്‍ അതിനിടയില്‍ സ്ഥിരീകരിക്കാത്ത ചില റൂമറുകളും ആരാധകരെ കണ്‍ഫ്യൂഷനാക്കുന്നുണ്ട്. ചിത്രത്തിന്റെ ഒ.ടി.ടി, റെസ്റ്റ് ഓഫ് ഇന്ത്യ റൈറ്റുകള്‍ ഇതുവരെ വിറ്റുപോയിട്ടില്ലെന്ന് ചില എക്‌സ് പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെ തള്ളിക്കളയാന്‍ തക്ക മറുപടിയൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കാത്തത് ആരാധകരെ കൂടുതല്‍ നിരാശരാക്കുന്നു.

ചിത്രത്തിന്റെ സഹനിര്‍മാതാക്കളായ ലൈക്കയെയാണ് ആരാധകര്‍ ഇക്കാര്യത്തില്‍ പഴിക്കുന്നത്. 90 കോടിയാണ് ഒ.ടി.ടി റൈറ്റ്‌സായി ലൈക്ക ചോദിക്കുന്നതെന്നും എന്നാല്‍ ആശീര്‍വാദ് സിനിമാസിന് 70 കോടി എന്ന തുക ഓക്കെയാണെന്നും ചില പേജുകള്‍ പറയുന്നു. എമ്പുരാന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഒ.ടി.ടി റൈറ്റ്‌സിന്റെ കാര്യത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച അവസാനത്തെ നാല് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

റിലീസിന് ഒന്നരമാസം ബാക്കിനില്‍ക്കെ കേരളത്തില്‍ 200ന് മുകളില്‍ ഫാന്‍സ് ഷോ എമ്പുരാനായി ചാര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ ആദ്യ ഷോ എത്ര മണിക്കാകുമെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. പുലര്‍ച്ചെ നാല് മണിക്ക് ആദ്യ ഷോ ആരംഭിക്കുമെന്ന് ആദ്യം കേട്ടിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ കാര്യവും സംശയത്തിലാണ്.

ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് അടുത്തയാഴ്ചയേ കേരളത്തിലെത്തുള്ളൂ. രാജമൗലി- മഹേഷ് ബാബു കോമ്പോയിലൊരുങ്ങുന്ന എസ്.എസ്.എം.ബി 29ന്റെ ഷൂട്ടിലാണ് പൃഥ്വി ഇപ്പോള്‍. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളിന് ശേഷം പൃഥ്വി എമ്പുരാന്റെ പ്രൊമോഷനുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Empuran’s OTT deal is not finalized yet

We use cookies to give you the best possible experience. Learn more