| Tuesday, 17th June 2025, 3:39 pm

സൂര്യയോ രണ്‍വീര്‍ സിങ്ങോ അല്ല, ബേസിലിന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് തെലുങ്കിലെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും മൂന്ന് സിനിമകള്‍ കൊണ്ട് ഇന്ത്യയൊട്ടുക്ക് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാലോകത്തേക്കെത്തിയ ബേസില്‍ 2015ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സൂപ്പര്‍ഹിറ്റൊരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടി.

മിന്നല്‍ മുരളിക്ക് ശേഷം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബേസിലിനെയാണ് പിന്നീട് കണ്ടത്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ബേസില്‍ പിന്നീട് നായകനായും തന്റെ കഴിവ് തെളിയിച്ചു. അപ്പോഴെല്ലാം താരത്തിന്റെ അടുത്ത സംവിധാനസംരംഭത്തെക്കുറിച്ച് അറിയാനായിരുന്നു പലര്‍ക്കും താത്പര്യം.

ഒരു തലമുറയുടെ ഇഷ്ട സൂപ്പര്‍ഹീറോയായ ശക്തിമാന്റെ റീബൂട്ട് വേര്‍ഷന്‍ സിനിമയാകുന്നുവെന്നും അത് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്നുവെന്ന തരത്തില്‍ ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ രണ്‍വീര്‍ സിങ് ശക്തിമാനായി വേഷമിടുന്നു എന്നും കേട്ടിരുന്നു.

എന്നാല്‍ ശക്തിമാനായി ആദ്യകാലങ്ങളില്‍ വേഷമിട്ട മുകേഷ് ഖന്ന ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിച്ചതും റൈറ്റ്‌സ് വിട്ടുകൊടുക്കാത്തതും വലിയ വാര്‍ത്തയായിരുന്നു. രണ്‍വീര്‍ സിങ്ങിന്റെ അവസാനത്തെ ചില ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തിളങ്ങാതിരുന്നതിന് പിന്നാലെ പ്രൊഡക്ഷന്‍ ഹൗസ് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തമിഴ് താരം സൂര്യയെ നായകനാക്കിയുള്ള പ്രൊജക്ടും ബേസിലിന്റെ ലൈനപ്പില്‍ ഉയര്‍ന്ന് കേട്ടിരുന്നു. കോമഡി ആക്ഷന്‍ ഴോണറിലുള്ള ചിത്രമാകും ഇതെന്നെല്ലാമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ നായകനാക്കിയുള്ള പ്രൊജക്ടിലൂടെയാണ് ബേസില്‍ വീണ്ടും സംവിധായക കുപ്പായമണിയാന്‍ പോകുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആര്‍ട്‌സ് ഈ ചിത്രം നിര്‍മിക്കുമെന്നും കേള്‍ക്കുന്നു. പുഷ്പ 2വിന് ശേഷം ബിഗ് ബജറ്റ് സിനിമകളില്‍ ശ്രദ്ധ നല്‍കാതെ ചെറിയ സിനിമകളുടെ ഭാഗമാകാന്‍ അല്ലു അര്‍ജുന്‍ ആഗ്രഹിക്കുന്നുവെന്ന് അല്ലു അരവിന്ദ് അടുത്തിടെ പറഞ്ഞിരുന്നു. ബേസില്‍- അല്ലു അര്‍ജുന്‍ പ്രൊജക്ട് അധികം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Basil Joseph will direct next movie with Allu Arjun as lead

We use cookies to give you the best possible experience. Learn more