| Wednesday, 25th June 2025, 10:10 pm

കമല്‍ ഹാസനും സൂര്യയും മാത്രമല്ല, കൈതി 2വില്‍ ഭാഗമാകാനൊരുങ്ങി ഒ.ജി ലേഡി സൂപ്പര്‍സ്റ്റാറും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ സിനിമാറ്റിക് യൂണിവേഴ്‌സാണ് എല്‍.സി.യു. കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ വിക്രം എന്ന സിനിമയിലേക്കെത്തിച്ചത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. വിജയ് നായകനായ ലിയോയും ഈ യൂണിവേഴ്‌സില്‍ ഉള്‍പ്പെടുത്തിയതോടെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ യൂണിവേഴ്‌സായി എല്‍.സി.യു മാറി.

ലിയോക്ക് ശേഷം ലോകേഷ് ഒരുക്കുന്ന അടുത്ത എല്‍.സി.യു ചിത്രമാണ് കൈതി 2. 2019ല്‍ പുറത്തിറങ്ങിയ കൈതിയുടെ തുടര്‍ച്ചയായാണ് ചിത്രം ഒരുങ്ങുന്നത്. എല്‍.സി.യുവിലെ ഏറ്റവും ശക്തനായ കഥാപാത്രമായാണ് പലരും കൈതിയിലെ നായകനായ ദില്ലിയെ കണക്കാക്കുന്നത്. ആദ്യഭാഗത്തില്‍ കാണിക്കാത്ത ദില്ലിയുടെ ഫ്‌ളാഷ്ബാക്ക് രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

എല്‍.സി.യുവിലെ പല കഥാപാത്രങ്ങളും കൈതി 2വില്‍ പ്രത്യക്ഷപ്പെടുമെന്ന് ലോകേഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദില്ലി- റോളക്‌സ് ഫേസ് ഓഫ് സീനും കൈതി 2വിന്റെ പ്രധാന ആകര്‍ഷണമാണ്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന സീന്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

കമല്‍ ഹാസന്‍ അവതരിപ്പിച്ച വിക്രം, ഫഹദിന്റെ അമര്‍, നരേന്‍ അവതരിപ്പിച്ച ബിജോയ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പായി. എന്നാല്‍ ഇതിനെക്കാളേറെ സിനിമാപ്രേമികളെ ഞെട്ടിച്ചത് മറ്റൊരു താരത്തിന്റെ സാന്നിധ്യമാണ്. തെന്നിന്ത്യന്‍ സൂപ്പര്‍താരം അനുഷ്‌ക ഷെട്ടിയും കൈതി 2വില്‍ ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശക്തമായ കഥാപാത്രമാകും താരം ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് കേള്‍ക്കുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമാജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതിനാല്‍ വിജയ് കൈതി 2വിന്റെ ഭാഗമായേക്കില്ലെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ലോകേഷ് ഒരുക്കുന്ന മറ്റ് സര്‍പ്രൈസുകള്‍ എന്തെല്ലാമായിരിക്കുമെന്ന് ആര്‍ക്കും ധാരണയില്ല. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് നിര്‍മാതാവ് എസ്.ആര്‍. പ്രഭു അറിയിച്ചിരുന്നു.

ലോകേഷ് നിര്‍മിക്കുന്ന ബെന്‍സ് എന്ന ചിത്രവും എല്‍.സി.യുവിന്റെ ഭാഗമാണ്. റെമോ, സുല്‍ത്താന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സാണ് നായകന്‍. മലയാളികളുടെ സ്വന്തം നിവിന്‍ പോളിയാണ് ബെന്‍സിന്റെ വില്ലനായി എത്തുന്നത്. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Content Highlight: Rumors that Anushka Shetty might be a part of Kaithi 2

We use cookies to give you the best possible experience. Learn more