| Monday, 31st March 2025, 4:56 pm

കരിയറില്‍ ആദ്യമായി ഡബിള്‍ റോള്‍ ചെയ്യാന്‍ അല്ലു അര്‍ജുന്‍? സംഗീതം അനിരുദ്ധ്? വരുന്നത് നിസാര ഐറ്റമാവില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യാതെ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. പുഷ്പ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുന്റെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം എത്രത്തോളമുണ്ടെന്ന് സിനിമാലോകം കണ്ടറിഞ്ഞു. ചിത്രത്തിന്റെ ആദ്യഭാഗം ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളില്‍ സ്വന്തമാക്കി.

രണ്ടാം ഭാഗത്തിന്റെ ഹിന്ദി റൈറ്റ്‌സ് 200 കോടിക്ക് മുകളില്‍ പോവുകയും ചിത്രം ഹിന്ദിയില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുകയും ചെയ്തു. പുഷ്പക്ക് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രത്തിനായി സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രമാകും താരത്തിന്റേതായി ഇനി ഒരുങ്ങുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വെറും മൂന്ന് സിനിമകള്‍ കൊണ്ട് തമിഴിലെ വിലപിടിപ്പുള്ള സംവിധായകനായി മാറിയ അറ്റ്‌ലീ പിന്നീട് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കിയ ജവാന്‍ ഹിന്ദിയില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുകയും 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു.

അല്ലു അര്‍ജുന്‍ ചിത്രത്തിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അറ്റ്‌ലീ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മുന്‍ ചിത്രങ്ങള്‍ പോലെ ഇരട്ടവേഷത്തിലെത്തുന്ന നായകനെ തന്നെയാകും അറ്റ്‌ലീ ഈ ചിത്രത്തിലും അവതരിപ്പിക്കുക. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നത് എങ്ങനെയാകും എന്ന് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാകും. തെലുങ്കിലെ തങ്ങളുടെ അരങ്ങേറ്റത്തിനാകും സണ്‍ പിക്‌ചേഴ്‌സും ലക്ഷ്യമിടുക. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധാകും ചിത്രത്തിന് സംഗീതം നല്‍കുകയെന്നാണ് അഭ്യൂഹങ്ങള്‍. തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് അല്ലു അര്‍ജുന്‍ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.

കൊരട്ടാല ശിവ, അറ്റ്‌ലീ, സന്ദീപ് റെഡ്ഡി വാങ്ക എന്നിവര്‍ക്കൊപ്പമുള്ള പ്രൊജക്ടുകള്‍ അല്ലുവിന്റെ ലൈനപ്പിലുണ്ടെന്നാണ് കേള്‍ക്കുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയില്‍ ഇവയെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും പുഷ്പ 3യിലേക്ക് അല്ലു അര്‍ജുന്‍ കടക്കുക. പുഷ്പയുടെ രണ്ട് ഭാഗങ്ങള്‍ക്കുമായി അഞ്ച് വര്‍ഷമാണ് അല്ലു മാറ്റിവെച്ചത്.

Content Highlight: Rumors that Allu Arjun will play dual role in Atlee’s film

We use cookies to give you the best possible experience. Learn more