കരിയറിന്റെ തുടക്കത്തില്‍ അങ്ങനെയൊരു വേഷം ചെയ്യുന്നത് അപകടമാണെന്ന് അറിയാമായിരുന്നു: രുക്മിണി വസന്ത്
Indian Cinema
കരിയറിന്റെ തുടക്കത്തില്‍ അങ്ങനെയൊരു വേഷം ചെയ്യുന്നത് അപകടമാണെന്ന് അറിയാമായിരുന്നു: രുക്മിണി വസന്ത്
അമര്‍നാഥ് എം.
Friday, 19th December 2025, 10:33 pm

നിലവില്‍ സൗത്ത് ഇന്ത്യയിലെ സെന്‍സേഷണല്‍ താരമാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന രുക്മിണി 2023ല്‍ പുറത്തിറങ്ങിയ സപ്ത സാഗരദാച്ചേ എലോയിലൂടെയാണ് ശ്രദ്ധ നേടിയത്. ഈ വര്‍ഷം തമിഴിലും കന്നഡയിലുമായി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രുക്മിണിക്ക് സാധിച്ചു.

റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ വണ്ണില്‍ ഗംഭീര പ്രകടനമായിരുന്നു രുക്മിണി കാഴ്ചവെച്ചത്. കനകവതി എന്ന കഥാപാത്രം മറ്റാര്‍ക്കും ചെയ്ത് ഫലിപ്പിക്കാനാകാത്തവിധം രുക്മിണി ഗംഭീരമാക്കി. കരിയറിലാദ്യമായി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് രുക്മിണി വസന്ത്.

‘ഒരുപക്ഷേ, ഈ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചത് അബദ്ധമായേനെ. കരിയറിന്റെ തുടക്കത്തില്‍ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം അവതരിപ്പിച്ചാല്‍ അത് അപകടമായേക്കാമെന്ന് പലരും ചിന്തിക്കും. പിന്നീട് നെഗറ്റീവ് കഥാപാത്രങ്ങളില്‍ ടൈപ്പ്കാസ്റ്റാകുമോ എന്ന പേടി എല്ലാവര്‍ക്കുമുണ്ട്. എനിക്കും ചെറിയ രീതിയില്‍ ആങ്‌സൈറ്റിയുണ്ടാകുമെന്ന് വിചാരിച്ചു. പക്ഷേ, അതുണ്ടായില്ല.

ഒരുതവണ നിങ്ങള്‍ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചകഴിഞ്ഞാല്‍ അത് മാറ്റാനാകില്ലല്ലോ. റിലീസാകുന്നതുവരെ നമുക്ക് ടെന്‍ഷനൊന്നും ഉണ്ടാകില്ല. പക്ഷേ, റിലീസിന്റെയന്നായിരുന്നു എനിക്ക് ആങ്‌സൈറ്റി. ഷൂട്ടിന്റെ സമയത്തൊന്നും ഈ ചിന്ത എന്നെ ബാധിച്ചിരുന്നില്ല. കഥ നടക്കുന്ന ലോകവുമായി കണക്ടാകാന്‍ സാധിച്ചു. യഥാര്‍ത്ഥ കാടുകളിലെ ഷൂട്ടാണ് അതിന് സഹായിച്ചത്,’ രുക്മിണി പറയുന്നു.

എന്നാല്‍ ആ സമയത്തൊന്നും ഉണ്ടാകാത്ത ടെന്‍ഷന്‍ റിലീസ് ദിവസം തനിക്ക് ഉണ്ടായെന്ന് താരം പറഞ്ഞു. കരിയറില്‍ ഇനിയുള്ള കാലം നെഗറ്റീവ് വേഷങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടിവരുമോ എന്ന് ചിന്തിച്ചെന്നും രുക്മിണി കൂട്ടിച്ചേര്‍ത്തു. തന്റെ വര്‍ക്കിനെ ഒരിക്കലും ആങ്‌സൈറ്റി സഹായിച്ചിട്ടില്ലെന്നും അത്തരം ചിന്തകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും താരം പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു രുക്മിണി വസന്ത്.

‘ഇങ്ങനെയൊരു വേഷം ചെയ്യാനായതില്‍ എനിക്ക് ഇപ്പോഴും സന്തോഷം മാത്രമേയുള്ളൂ. കാരണം, സിനിമ കണ്ടിറങ്ങി പലരും എന്റെ കഥാപാത്രത്തെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞത്. എന്റെ റേഞ്ച് അവര്‍ക്കെല്ലാം മനസിലായെന്നാണ് പറഞ്ഞത്. അല്ലാതെ ഇനിയും ഇങ്ങനെയുള്ള വേഷം മാത്രം ചെയ്താല്‍ മതിയെന്ന് ആരും പറഞ്ഞിട്ടില്ല. അതാണ് ഏറ്റവും സന്തോഷം തന്ന കാര്യം,’ രുക്മിണി വസന്ത് പറയുന്നു.

Content Highlight: Rukmini Vasanth shares the experience while playing negative character in Kantara Chapter One

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം