Interview | തലശ്ശേരിയിലെ പ്രകോപന മുദ്രാവാക്യം ആസൂത്രിതം, പിന്നില്‍ സുരേന്ദ്രന്‍, ലക്ഷ്യം ഗുജറാത്ത് മോഡല്‍ വംശഹത്യ
Interview
Interview | തലശ്ശേരിയിലെ പ്രകോപന മുദ്രാവാക്യം ആസൂത്രിതം, പിന്നില്‍ സുരേന്ദ്രന്‍, ലക്ഷ്യം ഗുജറാത്ത് മോഡല്‍ വംശഹത്യ
ജിതിന്‍ ടി പി
Saturday, 4th December 2021, 5:53 pm
അരനൂറ്റാണ്ട് മുന്‍പ് നടന്ന വര്‍ഗീയ കലാപം പരാജയപ്പെട്ടതിനാല്‍ വീണ്ടും ഒരു കലാപം നടത്താനുള്ള നീക്കമായി വേണം പ്രകോപനപരമായ ഈ മുദ്രാവാക്യം വിളികളെ കാണാന്‍.

മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് തലശ്ശേരിയില്‍ യുവമോര്‍ച്ച നടത്തിയ പ്രകടനം വിവാദമായിരുന്നു. വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല,’ എന്ന യുവമോര്‍ച്ചയുടെ ഈ മുദ്രാവാക്യം കേവലം ഒരു ആള്‍ക്കൂട്ടത്തില്‍ നിന്നും അബദ്ധത്തില്‍ വന്നതായി കാണാനാകുമോ?

ഒരിക്കലുമില്ല. ആര്‍.എസ്.എസ് രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് പ്രകോപനപരമായ മുദ്രാവാക്യത്തോടെ തലശ്ശേരിയില്‍ നടത്തിയത്. നമ്മുടെ ഭരണഘടന അനുസരിച്ച് ഒരു മതേതര രാജ്യമാണ് ഇന്ത്യ. എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമാണ്.

അത്തരമൊരു രാജ്യത്ത് എല്ലാ മതത്തില്‍ വിശ്വസിക്കുന്നവരുടെയും ആരാധനാലയങ്ങള്‍ക്ക് തുല്യസ്ഥാനമാണുള്ളത്. ആര്‍.എസ്.എസ് തലശ്ശേരിയില്‍ മുഴക്കിയ മുദ്രാവാക്യം അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണൂല എന്നാണ്. അത് മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കുമെന്ന പരസ്യ പ്രഖ്യാപനമാണ്. മതസ്പര്‍ധ ഇളക്കി വിടുന്നതാണ്.

എം.വി. ജയരാജന്‍

 

ഈ മുദ്രാവാക്യത്തെ ന്യായീകരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചെയ്തത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇത്തരമൊരു നിലപാടായിരുന്നോ സ്വീകരിക്കേണ്ടിയിരുന്നത്?

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പരിശ്രമിക്കുന്ന രാഷ്ട്രീയ നേതാവാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പകരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.

നേരത്തെ ഹലാല്‍ വിവാദമുണ്ടായപ്പോഴും ഇത് തന്നെയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഹലാല്‍ ഭക്ഷണത്തെക്കുറിച്ച് ബി.ജെ.പിയുടെ മറ്റൊരു സംസ്ഥാന നേതാവ് വിവേകമാണ് ഈ ഘട്ടത്തില്‍ വേണ്ടത് എന്നും വികാരപരമായി പ്രശ്‌നത്തെ സമീപിക്കരുതെന്നും പറഞ്ഞപ്പോള്‍ വിവേകമല്ല വേണ്ടത്, ന്യൂനപക്ഷ വേട്ടയ്ക്കുള്ള ആയുധമായി ഹലാലിനേയും സ്വീകരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് സുരേന്ദ്രന്‍ രംഗത്തെത്തിയത്.


പതിവുപോലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തലശ്ശേരി പ്രശ്‌നത്തിലും കലാപമുണ്ടാക്കാന്‍ വേണ്ടിയുള്ള ആഹ്വാനം നടത്തുകയാണ് ചെയ്തത്. സാധാരണഗതിയില്‍ അണികള്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തുമ്പോള്‍ നേതാക്കള്‍ കലാപമുണ്ടാക്കാതിരിക്കാനാണ് ഇടപെടേണ്ടത്. ഇത് മറിച്ചാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന തെളിയിക്കുന്നത് അദ്ദേഹം തന്നെ ആസൂത്രണം ചെയ്തതാണ് പള്ളിപൊളിക്കുമെന്ന് പ്രഖ്യാപിക്കുന്ന മുദ്രാവാക്യം എന്നാണ്.

1971 ലെ തലശ്ശേരി കലാപം നമുക്ക് മുന്നിലുണ്ട്. കേരളത്തില്‍ ശബരിമല സംഘര്‍ഷങ്ങള്‍ക്ക് ശേഷം പലഘട്ടങ്ങളിലായി വര്‍ഗീയ കലാപങ്ങള്‍ക്കുള്ള ശ്രമം നടക്കുന്നുണ്ട്. ശബരിമല മുതല്‍ അത് മറ്റൊരു തലത്തിലേക്കും കടന്നിട്ടുണ്ട്. ഇതിനെ സി.പി.ഐ.എം എങ്ങനെയാണ് കാണുന്നത്?

അരനൂറ്റാണ്ട് മുന്‍പ് തലശ്ശേരി കലാപം നടന്നപ്പോള്‍ അതിനെതിരെ മതസൗഹാര്‍ദ്ദ മുദ്രാവാക്യം മുഴക്കിക്കൊണ്ട് രംഗത്തുവന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അന്നും ഇത്തരം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ തലശ്ശേരിയില്‍ മുഴക്കിയിരുന്നു. ന്യൂനപക്ഷ മതവിശ്വാസികളുടെ വീടുകള്‍ തകര്‍ക്കാനും പള്ളി ആക്രമിക്കാനും അന്ന് നടത്തിയ ശ്രമത്തെ ജനങ്ങളെ അണിനിരത്തിക്കൊണ്ടാണ് ചെറുത്തത്.

 

അതിനിടയിലാണ് മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്ന യു.കെ. കുഞ്ഞിരാമനെ ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്. തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതായത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അരനൂറ്റാണ്ട് മുന്‍പ് നടന്ന വര്‍ഗീയ കലാപം പരാജയപ്പെട്ടതിനാല്‍ വീണ്ടും ഒരു കലാപം നടത്താനുള്ള നീക്കമായി വേണം പ്രകോപനപരമായ ഈ മുദ്രാവാക്യം വിളികളെ കാണാന്‍. കഴിഞ്ഞ ദിവസം നടത്തിയ മതസ്പര്‍ധ ഇളക്കിവിടുന്ന പ്രകടനത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്വാഭാവികമായും അത് ആവര്‍ത്തിക്കാതിരിക്കുകയാണ് സംഘപരിവാര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ അതിന് പകരം ഇന്ന് വീണ്ടും പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചതായി മനസിലാക്കുന്നു.

തലശ്ശേരി മെരുവമ്പായി ജുമാ മസ്ജിദ്

ഗുജറാത്തിലെ വംശഹത്യയും ഇപ്പോള്‍ അസമിലും ത്രിപുരയിലും യു.പിയിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ വേട്ടകളും കേരളത്തില്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശ്രീനാരായണഗുരുവിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന മതനിരപേക്ഷ ജനത അനുവദിച്ചുകൊടുക്കില്ല. ശക്തമായ പ്രതിരോധം തീര്‍ക്കുക തന്നെ ചെയ്യും.

ക്ഷേത്രങ്ങളും പള്ളികളും രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും ആരോപണപ്രത്യാരോപണങ്ങള്‍ക്കും ഇടമാകുന്ന ഒരു സ്ഥിതി വിശേഷം കേരളത്തിലുണ്ടാകുന്നുണ്ട്. ഏറ്റവുമൊടുവില്‍ വഖഫ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിട്ടതിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന മുസ്ലിം ലീഗിന്റെ ആഹ്വാനം പുറത്തുവരുന്നു?

മുസ്‌ലിം ലീഗ് പള്ളികളില്‍ രാഷ്ട്രീയ പ്രചാര വേല നടത്താന്‍ ആഹ്വാനം ചെയ്യുന്നത് സംഘപരിവാറിന് ഉത്തേജകമരുന്നായി മാറുകയാണ്. ലീഗിന്റെ ഇത്തരം ചെയ്തികള്‍ ഫാസിസ്റ്റുകള്‍ക്കാണ് ഗുണം ചെയ്യുക. സമുദായ സംഘടനകള്‍ ലീഗിന്റെ ഈ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്.

മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെ ലീഗിന്റെ വര്‍ഗീയ സ്പര്‍ധ ഇളക്കിവിടുന്ന നടപടികള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടായത് സ്വാഗതാര്‍ഹമാണ്. സി.പി.ഐ.എം ഇരുവര്‍ഗീയതയേയും എതിര്‍ക്കുകയും മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RSS Thalassery provoking slogan MV Jayarajan Interview

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.