ആര്‍.എസ്.എസ് വേദിയില്‍ പോവുന്നത് ജഡ്ജിയുടെ നിഷ്പക്ഷതയെ ബാധിക്കില്ല: കെജിരിവാളിന്റെ ഹരജിയില്‍ സി.ബി.ഐ
India
ആര്‍.എസ്.എസ് വേദിയില്‍ പോവുന്നത് ജഡ്ജിയുടെ നിഷ്പക്ഷതയെ ബാധിക്കില്ല: കെജിരിവാളിന്റെ ഹരജിയില്‍ സി.ബി.ഐ
നിഷാന. വി.വി
Friday, 10th April 2026, 7:11 am

ന്യൂദല്‍ഹി: ആര്‍.എസ്.എസ് ബന്ധമുളള സംഘടനയുടെ വേദിയില്‍ പോവുന്നത് ജഡ്ജിയുടെ നിഷ്പക്ഷതയെ ബാധിക്കില്ലെന്ന് സി.ബി.ഐ.

ദല്‍ഹി മദ്യനയ അഴിമതി കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ പിന്മാറണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയില്‍ സി.ബി.ഐ.യുടെ വാദം. ഹരജി നിസ്സാരവും അടിസ്ഥാന രഹിതവുമാണെന്നും സി.ബി.ഐ പറഞ്ഞു.

ദല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ, എ.ഐ.പി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ്, മറ്റ് 22 പേര്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

ഇതില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സ്വര്‍ണകാന്ത ശര്‍മയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ജഡ്ജി ആര്‍.എസ്.എസുകാരിയാണെന്നും നിഷ്പക്ഷമായി കേസ് കേള്‍ക്കില്ലെന്നും അതിനാല്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ശര്‍മയെ മാറ്റണമെന്നുമായിരുന്നു കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ആര്‍.എസ്.എസ് അഭിഭാഷക സംഘടനയായ അഖില ഭാരത അധിവക്ത പരിഷത്തിന്റെ പരിപാടിയില്‍ പോയത് ജഡ്ജിയുടെ നിഷ്പക്ഷതയെ ബാധിക്കില്ലെന്നായിരുന്നു സി.ബി.ഐയുടെ വാദം. കെജ്‌രിവാളിന്റെ അപേക്ഷ അംഗീകരിച്ചാല്‍ പല ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ക്കും കേസ് കേള്‍ക്കാനാവില്ലെന്നും സി.ബി.ഐ പറഞ്ഞു.

‘അപേക്ഷയുടെ ഉള്ളടക്കം തികച്ചും അരോചകവും കോടതിയുടെ അന്തസ്സിനെ താഴ്ത്താനുളള ശ്രമവുമാണ്,’ സി.ബി.ഐ വാദിച്ചു.

അപേക്ഷ സ്വീകരിക്കരുതെന്നും ജുഡീഷ്യല്‍ നടപടികളിലെ വീക്ഷണത്തെ പക്ഷപാതമായി കാണരുതെന്നും ഇത് കോടതിയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും സി.ബി.ഐ പറഞ്ഞു.

വിവാദമായ ദല്‍ഹി മദ്യനയ കേസില്‍ ഫെബ്രുവരി 27നാണ് കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയത്. ദല്‍ഹി റോസ് അനവന്യൂ കോടതിയുടെതായിരുന്നു ഉത്തരവ്. അന്വേഷണം നടത്തിയ സി.ബി.ഐയ്‌ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തെളിവുകളില്ലെന്നും കുറ്റപത്രത്തില്‍ അവ്യക്തതകള്‍ ഉണ്ടെന്നും കോടതി പറഞ്ഞിരുന്നു.

2022 ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് പ്രധാന ആരോപണം. മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തെരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കോടതി കണ്ടെത്തി. ഇതിനെതിരെയായിരുന്നു സി.ബി.ഐ വീണ്ടും ഹരജി സമര്‍പ്പിച്ചത്.

Content Highlight: RSS presence on stage will not affect judge’s impartiality: CBI

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.