| Tuesday, 9th September 2025, 10:56 pm

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍.എസ്.എസ്; കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ആര്‍.എസ്.എസ്. ‘എസ്’ ആകൃതിയിലുളള കത്തികൊണ്ടാണ് കേക്ക് മുറിച്ചത്. കണ്ണൂര്‍ കണ്ണവത്താണ് സംഭവം.

‘അഭിമാനം കണ്ണവം സ്വയം സേവകര്‍’ എന്നെഴുതിയ കേക്കാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുറിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തെത്തിയത്.

‘ആയിരം നഷ്ടങ്ങള്‍ക്കിടയിലും കണ്ണൂര്‍ സ്വയംസേവകര്‍ മനസറിഞ്ഞ് സന്തോഷിച്ച ദിനം’ എന്ന വാചകത്തോടെയാണ് വീഡിയോ പ്രചരിച്ചത്. പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതായും വീഡിയോയില്‍ കാണാം.

സംഭവത്തില്‍ കണ്ണവം പൊലീസ് സ്വമേധയാ കേസെടുത്തു. ദുര്‍ഗ നഗര്‍ ചുണ്ടയില്‍ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് എതിരെയാണ് പൊലീസ് കേസെടുത്തത്.

2021ലാണ് ഈ വീഡിയോ ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ അത് വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു. 2020 സെപ്റ്റംബറിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന സലാഹുദ്ദീനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ഒമ്പതോളം പേര്‍ അറസ്റ്റിലായിരുന്നു. ആര്‍.എസ്.എസ് മുഖ്യ ശിക്ഷക് ചുണ്ടയില്‍ പളളിയത്ത് ഞാലില്‍ അമല്‍രാജ്, റിഷില്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.

സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സലാഹുദ്ദീന്റെ അഞ്ചാം ചരമദിനമായ ഇന്നലെ കണ്ണവത്ത് വെച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തര്‍ രക്തസാക്ഷിത്വ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്.

Content Highlight: RSS celebrates SDPI worker’s death anniversary by cutting cake

We use cookies to give you the best possible experience. Learn more