ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരം നാളെ പുലര്‍ച്ച 5.30ന് ആരംഭിക്കും. സബീന പാര്‍ക്കാണ് വേദി. നേരത്തെ നടന്ന ടെസ്റ്റ് പമ്പരയിലേറ്റ നിരാശാജനകമായ പരാജയത്തിന് ടി-20 വിജയത്തോടെ മറുപടി നല്‍കാനാണ് വിന്‍ഡീസ് ഒരുങ്ങുന്നത്.
ഷായ് ഹോപ്പിന്റെ നേതൃത്വത്തില്‍ മികച്ച ടീമാണ് വിന്‍ഡീസിനൊപ്പമുള്ളത്. വെടിക്കെട്ട് വീരന്‍മാരായ റോവ്മന്‍ പവലും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡും മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും അടങ്ങുന്ന മികച്ച ടീമാണ് വിന്‍ഡീസിന്റേത്.
ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം റോവ്മന്‍ പവലിനെ ഒരു തകര്‍പ്പന്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരമായി മാറാനാണ് ജമൈക്കന്‍ താരത്തിന് മുമ്പില്‍ അവസരമുള്ളത്. ക്രിസ് ഗെയ്‌ലിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ പവലിന് വെറും 25 റണ്‍സ് മാത്രമാണ് ആവശ്യമുള്ളത്.
83 ഇന്നിങ്‌സില്‍ നിന്നും 26.40 ശരാശരിയിലും 142.36 സ്‌ട്രൈക്ക് റേറ്റിലും 1,875 റണ്‍സ് താരം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയുമാണ് പവല്‍ കുട്ടിക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ അടിച്ചെടുത്തത്.
അന്താരാഷ്ട്ര ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
നിക്കോളാസ് പൂരന്‍ – 97 – 2275
ക്രിസ് ഗെയ്ല്‍ – 75 – 1899
റോവ്മന്‍ പവല്‍ – 83 – 1875
എവിന്‍ ലൂയീസ് – 64 – 1782
മര്‍ലോണ്‍ സാമുവല്‍സ് – 65 – 1611
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 83 – 1569
അഞ്ച് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലുള്ളത്. ഇതിലെ ആദ്യ മത്സരത്തില്‍ തന്നെ പവല്‍ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകര്‍ വിശ്വസക്കുന്നത്.