വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ക്രിക്കറ്റിലേക്ക്; പുതിയ നാഷണല്‍ ടീമനൊപ്പം പുതിയ ഇന്നിങ്‌സിന് ടെയ്‌ലര്‍
Sports News
വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ക്രിക്കറ്റിലേക്ക്; പുതിയ നാഷണല്‍ ടീമനൊപ്പം പുതിയ ഇന്നിങ്‌സിന് ടെയ്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th September 2025, 4:11 pm

വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി റോസ് ടെയ്‌ലര്‍. റോസ് ടെയ്‌ലര്‍ തന്നെയാണ് ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ച് വ്യക്തമാക്കിയത്. എന്നാല്‍ ന്യൂസിലാന്‍ഡിന് വേണ്ടിയല്ല, പകരം സമോവയ്ക്ക് വേണ്ടിയാകും താരം കളത്തിലിറങ്ങുക.

‘ഞാന്‍ വിരമിക്കല്‍ പിന്‍വലിച്ച് പുറത്തുന്നിരിക്കുകയാണ്. ഇനി നീല ജേഴ്‌സിയണിഞ്ഞ് ഞാന്‍ സമോവയെ പ്രതിനിധീകരിച്ച് കളിക്കുമെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.

View this post on Instagram

A post shared by Ross Taylor (@rossltaylor3)

എന്നെ സംബന്ധിച്ച് ഇത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഗെയിമിലേക്കുള്ള തിരിച്ചുവരവ് മാത്രമല്ല, എന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും കുടുംബത്തെയും പ്രതിനിധീകരിക്കുക കൂടിയാണ് ചെയ്യുന്നത്. ഇത് വളരെ വലിയ ബഹുമതിയാണ്.

ഇപ്പോള്‍ ലഭിച്ച അവസരത്തില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. ടീമിനൊപ്പം ചേരാനും എന്റെ അനുഭവസമ്പത്ത് കളിക്കളത്തിനകത്തും പുറത്തും പങ്കുവെക്കുവാനുമായി ഞാന്‍ കാത്തിരിക്കുന്നു,’ ടെയ്‌ലര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ ഇതിഹാസ താരമെന്ന പേരും പെരുമയും സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്താണ് 2022ല്‍ ടെയ്‌ലര്‍ 22 യാര്‍ഡ് പിച്ചിനോട് വിടപറഞ്ഞത്. കിവികള്‍ക്കായി 112 ടെസ്റ്റ് മത്സരങ്ങളിലും 236 ഏകദിനത്തിലും 102 ടി-20യിലും താരം കളത്തിലിറങ്ങി.

ബ്ലാക് ക്യാപ്‌സിനായി മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 18,199 റണ്‍സാണ് താരം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കെയ്ന്‍ വില്യംസണ് പിന്നില്‍ രണ്ടാമനാണ് ലുടേരു റോസ് പുടോവ ലോടെ ടെയ്‌ലര്‍ എന്ന റോസ് ടെയ്‌ലര്‍.

കിവീസ് ജേഴ്‌സിയില്‍ 40 സെഞ്ച്വറിയും 93 അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

41 വയസുകാരനായ ടെയ്ലര്‍ അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ക്വാളിഫയര്‍ മത്സരങ്ങളിലടക്കം സമോവയ്ക്ക് വേണ്ടി കളത്തിലിറങ്ങും. ഏഷ്യ – ഈസ്റ്റ് ഏഷ്യാ പസിഫിക് ക്വാളിഫയറിലാണ് സമോവ യോഗ്യതാ മത്സരങ്ങള്‍ കളിക്കുക. മൂന്ന് ടീമുകള്‍ക്ക് ഏഷ്യ – ഈസ്റ്റ് ഏഷ്യാ പസിഫിക് ക്വാളിഫറില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടാം. ഒക്ടോബര്‍ 25നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

 

Content Highlight: Ross Taylor has come out of retirement and returned to international cricket.