| Friday, 21st February 2025, 3:49 pm

അതുവരെ ചിരിച്ചു കളിച്ചിരുന്ന ഫഹദിക്കയല്ലായിരുന്നു ആക്ഷന്‍ പറഞ്ഞപ്പോള്‍, മിഥുന്‍ ആകെ പേടിച്ചുപോയി: റോഷന്‍ ഷാനവാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിക്കുമുകളില്‍ സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്‌സ്റ്ററായാണ് ഫഹദ് വേഷമിട്ടത്. തിയേറ്റര്‍ വിജയത്തിന് പിന്നാലെ ഒ.ടി.ടി റിലീസിലും കേരളത്തിന് പുറത്തും ചിത്രം ചര്‍ച്ചയായി.

ചിത്രത്തില്‍ ഫഹദിന് പുറമെ പ്രധാന വേഷത്തില്‍ ഹിപ്സ്റ്റര്‍, മിഥുന്‍, റോഷന്‍ ഷാനവാസ് എന്നിവരും വേഷമിട്ടിരുന്നു. ഫഹദുമായുള്ള ഷൂട്ടില്‍ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് റോഷന്‍ ഷാനവാസ്. സിനിമയുടെ ക്ലൈമാക്‌സിന് മുമ്പ് തങ്ങള്‍ ഒളിച്ചോടി പോയതിന് ശേഷം തിരിച്ചെത്തി രംഗനെ കാണുന്ന സീന്‍ ഷൂട്ട് ചെയ്തത് മറക്കാന്‍ കഴിയില്ലെന്ന് റോഷന്‍ പറഞ്ഞു.

ബിബിനെ തല്ലാന്‍ വരുന്ന രംഗണ്ണനായി പുള്ളി മാറി. മിഥുന്‍ അത് കണ്ട് പേടിച്ചുപോയി. ഫഹദിക്ക പെട്ടെന്ന് കട്ട് വിളിച്ചു. പിന്നീട് അവനെ ഓക്കെയാക്കിയതിന് ശേഷമാണ് ഷോട്ടെടുത്തത്- റോഷന്‍ ഷാനവാസ്.

മിഥുന്റെ ക്യാരക്ടര്‍ രംഗനോട് ചൂടായി സംസാരിക്കുന്ന ഭാഗം ഷൂട്ട് ചെയ്‌തെന്നും അതിന് ശേഷം ഫഹദിന്റെ റിയാക്ഷന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ചെറിയൊരു ബ്രേക്ക് ഉണ്ടായിരുന്നെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ഫഹദ് തങ്ങളോട് ചിരിച്ച് കളിച്ച് സംസാരിച്ച് ഇരുന്നെന്നും ബാക്കി ഷൂട്ട് ചെയ്യാനുള്ള കാര്യം എല്ലാവരും മറന്നെന്നും റോഷന്‍ പറഞ്ഞു.

ബ്രേക്ക് കഴിഞ്ഞ് പെട്ടെന്ന് തന്നെ ജിത്തു മാധവന്‍ ആക്ഷന്‍ പറഞ്ഞെന്നും അതുവരെ ചിരിച്ച് കളിച്ചുകൊണ്ടിരുന്ന ഫഹദ് പെട്ടെന്ന് ക്യാരക്ടറിലേക്ക് മാറിയെന്നും റോഷന്‍ പറയുന്നു. ആ സീനില്‍ മിഥുനെ തല്ലാന്‍ കൈയോങ്ങുന്നത് കണ്ട് അവന്‍ പേടിച്ചെന്നും ഫഹദ് കട്ട് വിളിച്ചെന്നും റോഷന്‍ പറഞ്ഞു. മിഥുനെ ഓക്കെയാക്കിയതിന് ശേഷമാണ് ആ ഷോട്ട് എടുത്തതെന്നും അതെല്ലാം കണ്ട് സ്വിച്ചിങ്ങ് തങ്ങള്‍ക്ക് പറ്റിയ പണിയല്ലെന്ന് താന്‍ മിഥുനോട് പറഞ്ഞെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.

‘ആവേശത്തില്‍ ഞങ്ങള്‍ മൂന്നുപേരും ഒളിച്ചോടി പോയതിന് ശേഷം പുള്ളിയെ വിളിച്ചിട്ട് കാണാമെന്ന് പറയുന്ന സീനുണ്ടല്ലോ. അത് കഴിഞ്ഞ രാത്രി വീട്ടില്‍ വെച്ച് ബിബി രംഗണ്ണനോട് ചൂടാവുകയും ബോംബിന്റെ മുകളില്‍ ഇരിക്കുന്നത് പോലെയാണെന്നൊക്കെ പറയുന്ന പോര്‍ഷന്‍ എടുക്കുകയായിരുന്നു.

മിഥുന്റെ ഡയലോഗ് പറഞ്ഞ് കഴിഞ്ഞതിന് ശേഷം ചെറിയൊരു ബ്രേക്ക് കിട്ടി. ഞങ്ങള്‍ നാല് പേരും ചിരിച്ച് കളിച്ച് ഇരിക്കുകയായിരുന്നു. ഇനി ആ സീനിന്റെ ബാക്കിയെടുക്കണമെന്ന ചിന്ത തന്നെ മിഥുന്‍ മറന്നു. ജിത്തു ചേട്ടന്‍ പെട്ടെന്ന് ടേക്കിന് വിളിച്ചു. ഫഹദിക്ക എഴുന്നേറ്റ് പോയി. ആക്ഷന്‍ പറഞ്ഞതും അതുവരെ ഞങ്ങളുടെ കൂടെ ചിരിച്ചുകളിച്ചുകൊണ്ട് ഇരുന്ന ആളല്ലായിരുന്നു.

ബിബിനെ തല്ലാന്‍ വരുന്ന രംഗണ്ണനായി പുള്ളി മാറി. മിഥുന്‍ അത് കണ്ട് പേടിച്ചുപോയി. ഫഹദിക്ക പെട്ടെന്ന് കട്ട് വിളിച്ചു. പിന്നീട് അവനെ ഓക്കെയാക്കിയതിന് ശേഷമാണ് ഷോട്ടെടുത്തത്. അതൊക്കെ കണ്ടപ്പോള്‍ മിഥുനോട് ‘അളിയാ, ഈ സ്വിച്ചിങ്ങൊക്കെ നമുക്ക് പറ്റുന്ന പണിയല്ല’ എന്ന് ഞാന്‍ പറഞ്ഞു,’ റോഷന്‍ പറയുന്നു.

Content Highlight: Roshan Shanavas shares the unforgettable moment during Aavesham movie

We use cookies to give you the best possible experience. Learn more