| Monday, 30th June 2025, 9:30 am

ആ സിനിമക്ക് ശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയുണ്ടായിരുന്നു; പക്ഷേ നല്ല സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടില്ല: റോഷന് മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് റോഷന്‍ മാത്യു. സിനിമക്കൊപ്പം നാടകത്തിലും സജീവമാണ് അദ്ദേഹം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള സിനിമകളിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നടന് സാധിച്ചു.

റോഷന്റെ ആദ്യ സിനിമയായ പുതിയ നിയമത്തില്‍ ഒരു വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തിയത്. ഇപ്പോള്‍ ആ സിനിമക്ക് ശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയുണ്ടായിരുന്നുവെന്ന് റോഷന്‍ പറയുന്നു. എന്നാല്‍ നല്ല പ്രൊജക്റ്റുകള്‍ വരികയാണെങ്കില്‍ അത്തരം റോളുകളാണെന്ന് വെച്ച് താന്‍ സിനിമ ചെയ്യാതിരിക്കില്ലെന്നും തനിക്ക് ചെയ്യാന്‍ താത്പര്യമുള്ള സിനിമയാണെങ്കില്‍ അത് എന്തായാലും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അത്തരം കഥാപാത്രമാണെന്ന് വെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള ഒരു ടീമിന്റെ കൂടെ സിനിമ ചെയ്യാതിരിക്കുന്നത് മണ്ടത്തരമാണെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും സിനിമ ഏറ്റെടുക്കാനുള്ള ധൈര്യമുണ്ടാകണമെന്നും എന്നിരുന്നാലും ഷൂട്ടിന് മുമ്പ് ചിലപ്പോള്‍ ഈ സിനിമ ചെയ്യണ്ടായിരുന്നുവെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു റോഷന്‍ മാത്യു.

പുതിയ നിയമത്തിന് ശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയൊക്കെ ഉണ്ടായിരുന്നു. പക്ഷേ ആ പേടിയുടെ പേരില്‍ ഞാന്‍ വരുന്ന ഒരു നല്ല പ്രൊജക്റ്റ് ഒരിക്കലും വേണ്ട എന്ന് വെച്ചിട്ടില്ല. ഇതും കൂടെ ചെയ്ത് കഴിഞ്ഞാല്‍ അങ്ങനെ സംഭവിക്കുമോ എന്ന് ആലോചിച്ച് ഞാന്‍ എനിക്ക് ചെയ്യാന്‍ നല്ല താത്പര്യമുള്ള ഒരു സിനിമ വേണ്ടെന്ന് വെക്കില്ല.

അതുപോലെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള ഒരു ടീമില്‍ നിന്ന് സിനിമ വരുമ്പോള്‍ മാറി നില്‍ക്കുന്നതാണ് ശരിക്കും മണ്ടത്തരം. എങ്ങനെയെങ്കിലും ആ ധൈര്യം അങ്ങ് കണ്ടുപിടിക്കുക എന്നുള്ളതാണ്. ചിലപ്പോള്‍ ഷൂട്ടിന്റെ തലേന്ന് വരെ നമുക്ക് തോന്നും ഇത് അബദ്ധം ആയി പോയി ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്,’ റോഷന്‍ പറയുന്നു.

Content Highlight: Roshan  says that he was afraid of being typecast after Puthiya Niyamam

We use cookies to give you the best possible experience. Learn more