നല്ല തലയാണല്ലോ, ഒന്നിങ്ങ് തന്നേ; ലീച്ചിന്റെ മൊട്ടത്തലയിലുരച്ച് പന്ത് 'ശരിയാക്കിയ' റൂട്ടിന്റെ കാഞ്ഞ ബുദ്ധി; വീഡിയോ
Sports News
നല്ല തലയാണല്ലോ, ഒന്നിങ്ങ് തന്നേ; ലീച്ചിന്റെ മൊട്ടത്തലയിലുരച്ച് പന്ത് 'ശരിയാക്കിയ' റൂട്ടിന്റെ കാഞ്ഞ ബുദ്ധി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd December 2022, 4:57 pm

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം തുടരുകയാണ്. ആദ്യ ടെസ്റ്റിലെ മൂന്നാം ദിവസത്തിലും പാകിസ്ഥാന്‍ ബാറ്റിങ് തുടരുകയാണ്.

ആദ്യ ദിവസം തന്നെ ടെസ്റ്റ് ചരിത്രത്തിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞ പ്രകടനമായിരുന്നു ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ആദ്യ ദിവസം തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ 500 കടന്ന മത്സരത്തില്‍ നാല് ഇംഗ്ലണ്ട് താരങ്ങളായിരുന്നു സെഞ്ച്വറി തികച്ചത്.

ആദ്യ ഇന്നിങ്സില്‍ 101 ഓവറില്‍ 657 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ മൂന്നാം ദിവസം ചായക്ക് പിരിയുമ്പോള്‍ 411ന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു. മൂന്നാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ 246 റണ്‍സിന് പിറകിലാണ്.

ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖിന്റെയും ഇമാം ഉള്‍ ഹഖിന്റെയും സെഞ്ച്വറിയാണ് പാകിസ്ഥാനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്. അബ്ദുള്ള ഷെഫീഖ് 203 പന്തില്‍ നിന്നും 114 റണ്‍സെടുത്തപ്പോള്‍ ഇമാം ഉള്‍ ഹഖ് 207 പന്തില്‍ നിന്നും 121 റണ്‍സ് നേടി പുറത്തായി. 48 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ അസര്‍ അലിയുടെ വിക്കറ്റാണ് പാകിസ്ഥാന് മൂന്നാമതായി നഷ്ടമായത്.

ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ബാബര്‍ അസവും സെഞ്ച്വറി നേടിയിട്ടുണ്ട്. ചായക്ക് പിരിയുമ്പോള്‍ 132 പന്തില്‍ 106 റണ്‍സാണ് സ്വന്തമാക്കിയത്.

മത്സരത്തിനിടയിലെ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം തരംഗമാവുന്നത്. പന്തിന് ആവശ്യമായ ഷൈന്‍ ലഭിക്കാന്‍ വേണ്ടി ജാക്ക് ലീച്ചിന്റെ മൊട്ടത്തലയില്‍ പന്ത് ഉരസുന്ന ജോ റൂട്ടിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

പന്തിന് ഷൈന്‍ ലഭിക്കാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. താരം ലീച്ചിന്റെ തലയിലെ വിയര്‍പ്പുപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യുന്നത് കണ്ട കമന്റേറ്റര്‍മാരെല്ലാം തന്നെ റൂട്ടിന്റെ ബുദ്ധിയെ പ്രശംസിക്കുകയും ചെയ്തു.

അതേസമയം, മൂന്നാം ദിവസത്തെ മൂന്നാം സെഷനില്‍ ബാറ്റിങ് തുടര്‍ന്ന ബാബര്‍ അസമിന്റെ വിക്കറ്റ് പാകിസ്ഥാന് നഷ്ടപ്പെട്ടു. 136 റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്. മുഹമ്മദ് റിസ്വാനും ആഘാ സല്‍മാനുമാണ് പാകിസ്ഥാനായി നിലവില്‍ ക്രീസില്‍ നില്‍ക്കുന്നത്.

 

Content Highlight:  Root shines ball off Leach’s head in England vs Pakistan test