| Wednesday, 11th June 2025, 5:47 pm

ആ വ്യക്തി കാരണമാണ് ലാലേട്ടനെ ആളുകള്‍ക്ക് ഇത്രയും ഇഷ്ടം: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് റോണി ഡേവിഡ്. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ റോണിക്ക് സാധിച്ചു. ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ സാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി നായകനായെത്തിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥയൊരുക്കിയത് റോണിയായിരുന്നു.

ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും ശ്രീനവാസനെ കുറിച്ചും സംസാരിക്കുകയാണ് റോണി ഡേവിഡ്. മോഹന്‍ലാല്‍ എന്ന നടനെ ആളുകള്‍ ഇത്രയും ഇഷ്ടപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന് ശ്രീനിവാസന്റെ തിരക്കഥകളാണ് എന്ന് തോന്നിയിട്ടുണ്ടെന്ന് റോണി പറയുന്നു.

മോഹന്‍ലാല്‍ സാഗര്‍ ഏലിയാസ് ജാക്കി പോലുള്ള കഥാപാത്രങ്ങള്‍ ചെയ്താലും നമ്മുടെ തൊട്ടടുത്ത ഒരാളായി തോന്നുക ശ്രീനിവാസന്റെ തിരക്കഥയിലെ കഥാപാത്രം ചെയ്യുമ്പോഴാണെന്നും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം അതാണെന്നും റോണി ഡേവിഡ് കൂട്ടിച്ചേര്‍ത്തു. മൈല്‍ സ്റ്റോണ്‍ മോക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് തോന്നുന്നു ലാല്‍ സാറിനെ ആളുകള്‍ക്ക് ഇത്രയും ഇഷ്ടപ്പെടാന്‍ ഉള്ള ഒരു കാരണം, ശ്രീനിയേട്ടന്റെ തിരക്കഥകളാണ് എന്ന്. കാരണം ആ കോമ്പിനേഷന്‍ അങ്ങനെയാണ്. ലാലേട്ടന്‍ അപ്പുറത്ത് വിന്‍സന്റ് ഗോമസ് ചെയ്താലും, സാഗര്‍ ഏലിയാസ് ജാക്കി ചെയ്താലും, നമുക്ക് തൊട്ട് അപ്പുറത്തുള്ള ഒരാളായിട്ട് തോന്നുന്നത് അല്ലെങ്കില്‍ വിജയനായിട്ട് തോന്നുന്നത് ശ്രീനിയേട്ടന്റെ എഴുത്താണ്,’ റോണി ഡേവിഡ് പറയുന്നു.

Content highlight: Rony David talks   about Mohanlal and Sreenivasan.

We use cookies to give you the best possible experience. Learn more